ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത. 144 പ്രകാരം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി. ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന നേതാവ് കൊല്ലപ്പെട്ട സാഹചര്യവും പ്രത്യാക്രമണവും ജില്ലയില്‍ സ്ഥിതി ഗുരുതരമാക്കിയെന്നാണ് പൊലീസ് വിലയിരുത്തല്‍
അതേസമയം, എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ പ്രതികാരം എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ചേര്‍ത്തലയില്‍ ബിജെപി പ്രവര്‍ത്തകനെ കൊന്നതിനുശേഷം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഇതൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു ദിവസമായി കൊല്ലുന്നതിന് വേണ്ടി പദ്ധതിയിട്ടു. അഞ്ചു പേര്‍ കൃത്യത്തില്‍ പങ്കെടുത്തതായി സൂചന ഒരാള്‍ ബൈക്കില്‍ വിവരങ്ങള്‍ നല്‍കി നാലുപേര്‍ കാറില്‍ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസിനെ നേതൃത്വത്തിന് അറിവോടെയാണ് കൊലപാതകം കൃത്യത്തിന് ശേഷം പ്രതികള്‍ തങ്ങിയത് ആര്‍എസ്എസ് കാര്യാലയത്തിലാണ്. അവിടെ നിന്നാണ് രണ്ട് പേര്‍ പിടിയിലായത്.
സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂവെന്നും അനില്‍ കാന്ത് അറിയിച്ചു.
സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഡിജിപി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.