Ezhuthachan award for C Radhakrishnan

തിരുവനന്തപുരം: പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം.
ഒന്നരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ വിലയിരുത്തി സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. കഴിഞ്ഞ തവണ പുതുശേരി രാമചന്ദ്രനായിരുന്നു എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്.

മുന്‍പേ പറക്കുന്ന പക്ഷികള്‍, എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴവരെ, പുളളിപ്പുലികളും വെളളി നക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്‍ക്കും സുഖംതന്നെ, കൈവഴികള്‍, വേരുകള്‍ പടരുന്ന വഴികള്‍, തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ നോവലുകളാണ്.

അഗ്‌നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകള്‍ എന്നീ മലയാളചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സി. രാധാകൃഷ്ണന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി, അബുദാബി മലയാളി സമാജം, കേന്ദ്രസാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡുകള്‍ എന്നിവ വിവിധ വര്‍ഷങ്ങളിലായി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
.

Top