എഫ്16 വിമാനം തകര്‍ന്ന് അധിനിവേശ കശ്മീരില്‍ വീണതിന് തെളിവുണ്ടെന്ന് വ്യോമസേന

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ്16 വിമാനം തകര്‍ന്ന് അധിനിവേശ കശ്മീരില്‍ വീണതിന് തെളിവുണ്ടെന്ന് വ്യോമസേന. രഹസ്യ സ്വഭാവം കാരണം വിശദാംശങ്ങള്‍ പുറത്തു വിടുന്നില്ലെന്നും വ്യക്തവും വിശ്വസനീയവുമായ തെളിവാണ് ഇന്ത്യയുടെ പക്കലുള്ളതെന്നും വ്യോമസേന അറിയിച്ചു.

എഫ് 16 വിമാനം ഇന്ത്യ വെടിവെച്ച് ഇട്ടിട്ടില്ലെന്ന തരത്തില്‍ അമേരിക്കന്‍ മാധ്യമത്തിന്റെ ആരോപണം ഇന്ത്യ നേരത്തെ തന്നെ തള്ളിയിരുന്നു. ഇന്ത്യ എഫ് 16 വിമാനം വെടിവച്ച് വീഴ്ത്തിയത് പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണെന്ന് ഓപറേഷന്‍സ് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വ്യോമാക്രമണം നടന്ന ദിവസം പാക്കിസ്ഥാന്റെ എഫ്16 വിമാനം തിരിച്ചെത്തിയില്ലെന്ന് പാക്ക് വ്യോമസേനയുടെ റേഡിയോ വിനിമയത്തിലും വ്യക്തമായിരുന്നു. വിമാനത്തില്‍ നിന്നുള്ള ഇജക്ഷന്‍ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റെ എഫ്16 ആണെന്ന സൂചനയുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ബലാക്കോട്ടില്‍ ആക്രമണം നടത്തിയ സമയത്ത് പാക്കിസ്ഥാന്‍ എഫ്16 ഉപയോഗിച്ചത് റഡാര്‍ സിഗ്നേച്ചറും മിസൈലിന്റെ അവശിഷ്ടങ്ങളും കാണിച്ച് ഇക്കാര്യത്തില്‍ ഇന്ത്യ അന്നേ സ്ഥിരീകരണം നടത്തിയിരുന്നു. അഭിമുഖത്തില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം അവകാശപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണു എഫ്16 വെടിവച്ചിട്ടെന്നു വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

Top