ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളിനെ ബിജെപി വനിതാ സംഘടനാ പ്രവര്‍ത്തകര്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉപരോധിച്ചു.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് പഞ്ചാബിലേക്ക് പുറപ്പെടാനായി ഇന്ന് രാവിലെ ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് വനിതകളുടെ രോഷപ്രകടനത്തിന് ഡല്‍ഹി മുഖ്യമന്ത്രി ഇരായായത്.
ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട ആരോപണങ്ങള്‍ക്കെതിരയായിരുന്നു മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ നിന്ന് ലുധിയാനയിലേക്കുള്ള ട്രെയിനില്‍ കയറാനെത്തിയ കെജരിവാളിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ രോഷത്തോടെ മുദ്രാവാക്യങ്ങള്‍ മുഴക്കി. 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരക്കങ്ങള്‍ക്ക് വേണ്ടിയാണ് കെജരിവാള്‍ പഞ്ചാബിലേക്ക് പോകുന്നത്.
സംഭവത്തില്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്ന് എ.എ.പി ആരോപിച്ചു. മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിനല്‍കിക്കൊണ്ട് പൊലീസ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.
ട്രെയിനിലേക്ക് കയറുന്ന കെജരിവാളിന് ചുറ്റും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുന്നതും പ്രതിഷേധക്കാരെ പൊലീസ് പിടിച്ചുമാറ്റുന്നതുമായ രംഗങ്ങളാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉള്ളത്. പ്രതിഷേധക്കാരായ ജനക്കൂട്ടത്തിന്റെ സാന്നിധ്യം ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവാണെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങല്‍ എങ്ങനെ പൊതുജനത്തിന് ലഭിച്ചു? പൊലീസിന്റെ കണ്‍മുമ്പില്‍ വെച്ചാണ് മുഖ്യമന്ത്രി അങ്ങോട്ടുമിങ്ങോട്ടും തള്ളിയിട്ടത്. പൊലീസ് വെറും കാഴ്ചക്കാരായ നോക്കിനില്‍ക്കുകയായിരുന്നു. സംഭവം ആസൂത്രിതമായിരുന്നുവെന്ന് ടി.വി കാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും സിസോദിയ ട്വീറ്റ് ചെയ്തു.
അതേസമയം, പഞ്ചാബില്‍ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോള്‍ തൊട്ടടുത്ത ലക്ഷ്യസ്ഥാനം വരെ എത്തിക്കാനുള്ള ഉത്തരവാദിത്തം മാത്രമേ ഡല്‍ഹി പൊലീസിനുള്ളൂ എന്നും വക്താവ് പറഞ്ഞു.