മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കസബയെ വിമർശിച്ചതിന് നടി പാർവതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സിനിമാ രംഗത്ത് നിന്നുള്ളവരും പാർവതിക്കെതിരെ പ്രതികരണം നടത്തിയിരുന്നു.
എന്നാൽ ഈ വിഷയത്തിൽ മമ്മൂട്ടി ഇതുവരെ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യാ ദിവാകന്‍ എന്ന അധ്യാപിക.
ദിവ്യാ ദിവാകന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ് ഇപ്പോൾ.
ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു സിനിമയില്‍ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി നായകനായ കസബയെ പാർവതി വിമർശിച്ചത്.
ഇതിനെതിരെ മമ്മൂട്ടിയുടെ ആരാധിക നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കസബ വിഷയത്തിൽ വിവാദങ്ങൾ കത്തുമ്പോഴാണ് മമ്മൂട്ടിയെ വിമര്‍ശിച്ച് അധ്യാപികയുടെ കുറിപ്പ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ഈ മൗനം അങ്ങേയററം അശ്ളീലമാണ് മിസ്ററര്‍ മമ്മൂട്ടി…!
(പ്രായത്തെ ബഹുമാനിച്ച് ഞാന്‍ താങ്കളെ മമ്മൂട്ടിയങ്കിള്‍ എന്നാണ് വിളിക്കേണ്‍ടത് . പക്ഷേ അതിനുമാത്രമുളള വ്യക്തിബന്ധം നമ്മള്‍ തമ്മില്‍ ഇല്ലാത്തതുകൊണ്‍ട് മിസ്ററര്‍ മമ്മൂട്ടി എന്ന് വിശേഷിപ്പിക്കുന്നു.) താങ്കള്‍ മഹാനായ ഒരു നടനായിരിക്കാം. പക്ഷേ… മിനിമം സാമാന്യ മര്യാദപോലും ഇല്ലാത്ത ഒരു മനുഷ്യനാണ് എന്ന് പറയേണ്‍ടിവരുന്നതില്‍ വിഷമമുണ്‍ട്. മമ്മൂട്ടി എന്ന നടന്‍റെ പേരിലാണ് താങ്കളുടെ ആരാധകര്‍ എന്നു പറയുന്നവര്‍ ദിവസങ്ങളായി ചില നടിമാരെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അപഹസിച്ചുകൊണ്‍ടിരിക്കുന്നത്.കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന് പാര്‍വതി എന്ന കഴിവുററ നടിയും അവരോടൊപ്പം നില്‍ക്കുന്നു എന്നതിന്‍റെ പേരില്‍ നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസും മററ് WCC ഭാരവാഹികളും
സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി
ആക്രമിക്കപ്പെട്ടുകൊണ്‍ടിരിക്കുകയാണ് എന്ന കാര്യം താങ്കള്‍ ഇതുവരെയും അറിഞ്ഞിട്ടില്ലേ ?അരാധകര്‍ മാത്രമല്ല. സിനിമ മേഖലയില്‍ നിന്ന് തന്നെ തുടര്‍ച്ചയായ അവഹേളനങ്ങള്‍ ഉണ്‍ടായിക്കൊണ്‍ടിരിക്കുന്നു.കസബയുടെ നിര്‍മാതാവ് രണ്‍ട് ദിവസം മുന്‍പ് ഇട്ട പോസ്ററ് തിങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ !
എത്രമാത്രം അറപ്പ് തോന്നുന്ന ഭാഷയിലാണ് അയാള്‍ പാര്‍വതിയേയും ഗീതു മോഹന്‍ദാസിനേയും തേജോവധം ചെയ്യുന്നത് ! ഇതിനേക്കുറിച്ചൊന്നും താങ്കള്‍ക്ക് ഒന്നും സംസാരിക്കാനില്ലേ ?
ഈ സമയത്തെ താങ്കളുടെ മൗനം അങ്ങേയററത്തെ അശ്ളീലം മാത്രമാണ് മിസ്ററര്‍ മമ്മൂട്ടി !
നേരത്തെ ലിച്ചി എന്ന നടിക്ക് നേരെയും ഇതുപോലെ സെെബര്‍ ആക്രമണം ഉണ്‍ടായി.താങ്കളുടെ മകളായി അഭിനയിക്കാന്‍ ആഗ്രഹമുണ്‍ട് എന്ന് പറഞ്ഞുപോയതിന് ! താങ്കള്‍ ലിച്ചിയെ വിളിച്ച് സംസാരിച്ചു. നല്ല കാര്യം ! പക്ഷേ , അപ്പോഴും താങ്കളുടെ ആരാധകര്‍ എന്ന് പറയുന്ന ഈ സെെബര്‍ ഗുണ്‍ടകളോട് ഒരു വാക്ക് സംസാരിക്കാന്‍ താങ്കള്‍ തയ്യാറായില്ലല്ലോ ?
”ഈ ആരാധക കൂട്ടത്തെ എനിക്ക് അറിയില്ല. അവരും ഞാനും തമ്മില്‍ ഒരു ബന്ധവും ഇല്ല ” എന്ന് പരസ്യമായി പറയാനുളള തന്‍റേടവും താങ്കള്‍ കാണിച്ചില്ല.
‘ ചോക്ളേററ് ‘ പോലുളള സിനിമകളിലെ സ്ത്രീ വിരുദ്ധത ചൂണ്‍ടിക്കാണിച്ചപ്പോള്‍ , സ്ത്രീകളെ താഴ്ത്തിക്കെട്ടുകയും അവഹേളിക്കുകയും ചെയ്യുന്ന ഡയലോഗുകള്‍ക്കും പങ്കുണ്‍ട് ഒാരോ പെണ്ണും ഈ നാട്ടില്‍ ആക്രമിക്കപ്പെടുന്നതില്‍ എന്ന് പറഞ്ഞപ്പോള്‍ , തിരിച്ചറിയാനും തിരുത്താനും തയ്യാറായ ഒരു നടനുണ്‍ട് മലയാളത്തില്‍ !
മിസ്ററര്‍ പൃഥ്വിരാജ് !
സ്ത്രീ വിരുദ്ധ സിനിമകളില്‍ ഇനി മേലില്‍ അഭിനയിക്കില്ല എന്ന് പ്രഖ്യാപിച്ചു. പക്വതയില്ലാത്ത പ്രായത്തില്‍ അത്തരം സിനിമകളില്‍ അഭിനയിച്ച് പോയതിന് സ്ത്രീ സമൂഹത്തോട് ക്ഷമ പറഞ്ഞു. അല്ലാതെ ആരാധകരെ ഇളക്കിവിട്ട് വിമര്‍ശിച്ചവരെ തെറിവിളിപ്പിക്കുകയല്ല ആ മനുഷ്യന്‍ ചെയ്തത്. താങ്കളുടെ മകനാകാന്‍ മാത്രം പ്രായമുളള ഒരു നടന്‍ കാണിച്ച മാനസിക ഒൗന്നിത്യം ഒന്ന് കണ്‍ടുപഠിക്കണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുകയാണ്.
വീദ്യാര്‍ത്ഥിനിയായിരുന്ന കാലത്താണ് ‘ദി കിംഗ് ‘ എന്ന സിനിമ തീയേറററില്‍ പോയി കണ്‍ടത്. വാണി വിശ്വനാഥ് അവതരിപ്പിച്ച സബ്കളക്ടറുടെ കെെക്ക് കയറിപ്പിടിച്ച് താങ്കള്‍ പറഞ്ഞ ആ ഡയലോഗ് -( ” നീ ഒരു പെണ്ണാണ് ! വെറും പെണ്ണ് ! ഇനി ഒരു ആണിനു നേരെയും നിന്‍റെ ഈ കെെ പൊങ്ങരുത് ! -) കേവലം പെണ്‍കുട്ടി മാത്രമായിരുന്ന എന്‍റെ ആത്മാഭിമാനത്തെ എത്രമാത്രം മുറിപ്പെടുത്തിയെന്ന് താങ്കള്‍ക്ക് അറിയുമോ ? പിന്നേയും കേട്ടു ആ ഡയലോഗ് പലപ്പോഴും ! ക്ളാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ തമാശയായും അല്ലാതെയും അത് പെണ്‍കുട്ടികള്‍ക്ക് നേരെ പ്രയോഗിച്ചപ്പോള്‍ ! അവരുടെയൊക്കെ മനസ്സില്‍ പെണ്ണിനെക്കുറിച്ച് രൂപപ്പെട്ട ധാരണ എത്രത്തോളം അപകടകരമാണ് എന്ന് താങ്കള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ?
താങ്കള്‍ ഒരുപക്ഷേ കണ്‍ടുശീലിച്ചത് പ്രതികരണശേഷിയാല്ലാത്ത സ്ത്രീകളെയാകാം. പക്ഷേ… കാലം മാറിക്കൊണ്‍ടിരിക്കുകയാണ്. സമൂഹത്തിലെ സ്ത്രീ മാത്രമല്ല , സിനിമയിലെ സ്ത്രീയും മാറി. ആത്മാഭിമാനം മുറിപ്പെട്ടാല്‍ ,അപമാനിക്കപ്പെട്ടാല്‍…. പ്രതികരിക്കാനും വിമര്‍ശിക്കാനും നട്ടെല്ലുളള സ്ത്രീകളാണ് ഇന്ന് സിനിമക്ക് അകത്തും പുറത്തും ഉളളത്. അശ്ളീല ഭാഷയുപയോഗിച്ച് അവരുടെ വായടപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ താങ്കളെപ്പോലുളള മഹാ നടന്‍മാര്‍ ചിന്താശേഷിയുളള മനുഷ്യരുടെ മുന്നില്‍ വല്ലാതെ ചെറുതായിപ്പോകുന്നുണ്‍ട്.
അല്‍പമെങ്കിലും നന്‍മയുണ്‍ടെങ്കില്‍ , തിരിച്ചറിവുണ്‍ടെങ്കില്‍…. താങ്കളുടെ ആരാധകരായ സെെബര്‍ ഗുണ്‍ടകളോട് പറയുക… ഇനി മേലാല്‍ മമ്മൂട്ടി എന്ന നടന്‍റെ പേരില്‍ സിനിമ മേഖലയിലോ പുറത്തോ ഉളള ഒരു സ്ത്രീയേയും അപമാനിക്കരുത് എന്ന്. പൃഥ്വിരാജ് ചെയ്തതുപോലെ ‘ഇനിയൊരിക്കലും സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ല ‘ എന്നൊരു പ്രഖ്യാപനം നടത്താനുളള ആര്‍ജ്ജവം കൂടി കാണിക്കുകയാണെങ്കില്‍ ലോകത്തിന് മുന്നില്‍ താങ്കള്‍ മഹാനായ ഒരു നടന്‍മാത്രമായിരിക്കില്ല , മഹാനായ ഒരു മനുഷ്യന്‍ കൂടിയായിരിക്കും. അതിനുളള വിവേകം താങ്കല്‍ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.