ബാര്‍സിലോന: ആപ്പിളും അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും തമ്മിലുള്ള തര്‍ക്കത്തില്‍ ആപ്പിളിന് പിന്തുണയുമായി ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബെര്‍ഗ് രംഗത്ത്.
കാലിഫോര്‍ണിയയില്‍ കൂട്ടകൊല നടത്തിയ ദമ്പതികളുടെ ഐഫോണ്‍ അണ്‍ ലോക്ക് ചെയ്യാന്‍ എഫ്ബിഐയെ സഹായിക്കണമെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ആവശ്യം ആപ്പിള്‍ തള്ളിയ സാഹചര്യത്തിലാണ് എന്‍ക്രിപ്ഷന് പിന്തുണയുമായി സക്കര്‍ബെര്‍ഗ് രംഗത്തെത്തിയത്.
എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒരു പിന്‍വാതില്‍ സംവിധാനം ഒരുക്കുന്നതിനോട് യോജിപ്പില്ല എന്നാണ് സക്കര്‍ബെര്‍ഗ് ബാര്‍സിലോനയിലെ വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്.
ഇക്കാര്യത്തില്‍ ആപ്പിളിനോടും സിഇഒ ടിം കുക്കിനോടും അനുഭാവ പൂര്‍ണ്ണമായ നിലപാടാണ് തനിക്കെന്നും ഫേസ്ബുക്ക് മേധാവി പറഞ്ഞു. എന്‍ക്രിപ്ഷന്‍ തടയരുതെന്ന് ആവശ്യപെട്ട സക്കര്‍ബെര്‍ഗ് പക്ഷെ തീവ്രവാദം തടയുന്നതില്‍ എല്ലാവര്‍ക്കും വലിയ ഉത്തരവദിത്ത്വം ഉണ്ടെന്നും ഓര്‍മിപ്പിച്ചു. ഇതിനായി എല്ലാവരും സര്‍ക്കാരിനെ സഹായിക്കണമെന്നും മാര്‍ക്ക് സക്കര്‍ബെര്‍ഗ് ആവശ്യപ്പെട്ടു.
എന്നാല്‍ ഫേസ്ബുക്ക് സ്ഥാപകനില്‍ നിന്നും വെത്യസ്തമായ നിലപാടാണ് ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനുള്ളത്. സാന്‍ ബെര്‍ണാഡിനോ കൊലയാളി സെയിദ് റിസ്വാന്‍ ഫാറൂഖ് ഉപയോഗിച്ചിരുന്ന ഐഫോണ്‍ 5C അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിള്‍ സഹായിക്കണം എന്നാണ് ബില്‍ ഗേറ്റ്‌സിന്റെ അഭിപ്രായം.
ഇത് ഒരു പ്രത്യേക കേസ് ആണ്. പൊതുവായി എല്ലാ ഐഫോണുകളും അണ്‍ലോക്ക് ചെയ്യാനുള്ള ഒരു സംവിധാനം അല്ല ഗവണ്മെന്റ് ആവശ്യപെടുന്നത്. ഈ കേസിന്റെ അന്വേഷണത്തിന് ഫോണിലെ വിവരങ്ങള്‍ അവശ്യമാണെന്നും അതുകൊണ്ട് തന്നെ എഫ്ബിഐയുമായി ആപ്പിള്‍ സഹകരിക്കണമെന്നാണ് ബില്‍ ഗേറ്റ്‌സിന്റെ അഭിപ്രായം.
എന്നാല്‍ ഇത് ഒരു ഫോണിനെയോ ഒരു അന്വേഷണത്തെയോ മാത്രം ബാധിക്കുന്ന കാര്യം അല്ലെന്ന് ആപ്പിള്‍ സിഇഒ ജീവനകാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു. ഈ കോടതി വിധി കോടികണക്കിന് ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കും. എല്ലാവരുടെയും സ്വാതന്ത്ര്യത്തിനു ഭീഷണിയാകുന്ന അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ കാരണമാകും എന്നും ടിം കുക്ക് പറയുന്നു.