മൊബൈൽ ഫോണിലെ ബാറ്ററി ഊറ്റുന്ന വില്ലനെ അറിയാമോ ? എങ്കിൽ അത് നമ്മൾ ഇടയ്ക്കിടെ കയറി സ്ക്രോൾ ചെയ്യുന്ന ഫേസ്ബുക്ക് തന്നെയാണെന്നാണ് മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. ഫേസ്ബുക്കിലെ മുൻ ജീവനക്കാരനായിരുന്ന ജോർജ് ഹേവാർഡാണ് ഇത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ ജോർജ് പരാതിയും നല്കി. ഗുരുതര ആരോപണമാണ് ജോർജ് ഉന്നയിച്ചിരിക്കുന്നത്. ഡാറ്റാ സെയിന്റിസ്റ്റായിരുന്ന ജോർജ് ആപ്പിൽ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് ജോർജിന്റെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തത്. ഫേസ്‌ബുക്കും മെസഞ്ചറും ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോണുകളിലെ ബാറ്ററി മനപൂർവം ഊറ്റുന്നുണ്ട്. “നെഗറ്റീവ് ടെസ്റ്റിങ്” എന്ന പേരിൽ യൂസർമാരിൽ നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഇത് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ആപ്പിനുള്ളിലെ ഫീച്ചറുകൾ പരിശോധിക്കുക, പ്രശ്നങ്ങൾ പഠിക്കുക എന്നിവയ്ക്കായി ഉപയോക്താവിന്റെ ഫോണിലെ ബാറ്ററി രഹസ്യമായി പ്രവർത്തിപ്പിക്കാൻ ഫേസ്ബുക്കിനെ “നെഗറ്റീവ് ടെസ്റ്റിങ്” സഹായിക്കുന്നു. ആപ്ലിക്കേഷന്റെ വേഗത, ചിത്രങ്ങൾ ലോഡാകുന്ന വേഗത എന്നിവയാണ് പരിശോധിക്കപ്പെടുന്നത്. ഫേസ്ബുക്കിൽ ജോലി ചെയ്യുന്ന കാലത്ത് തന്നെ ജോർജ് ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഫേസ്ബുക്ക് മെസഞ്ചർ ആപ്പിന് വേണ്ടി ജോലി ചെയ്തിരുന്ന 33 കാരനായ ജോർജിനെ നെഗറ്റീവ് ടെസ്റ്റിങ്ങിൽ പങ്കെടുക്കാത്തതിന്റെ പേരിലാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ വളർച്ചയിൽ സ്വാധീനം ചെലുത്തിയ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നത്. ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് സോഷ്യൽ മീഡിയ മേജർ മെറ്റ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞിരുന്നു. 2022 ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരമാണിത്. 2021 ഡിസംബറിലെ കണക്കനുസരിച്ച് 1.93 ബില്യണിൽ നിന്ന് 2022 ഡിസംബറായപ്പോഴേക്കും പ്രതിദിന സജീവ ഉപയോക്താക്കളിൽ നാല് ശതമാനം വർധനവുണ്ടായി. “ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഉപയോക്താക്കളാണ് 2022 ഡിസംബറിൽ ലോകമെമ്പാടുമുള്ള സജീവ ഉപയോക്താക്കളുടെ വളർച്ചയനുസരിച്ച് മുന്നിലുള്ളത്. ഒരു നിശ്ചിത ദിവസം ഫേസ്ബുക്ക് വെബ്‌സൈറ്റ് വഴിയോ മൊബൈൽ ഉപാധിയിലൂടെയോ സന്ദർശിക്കുകയോ മെസഞ്ചർ ആപ്ലിക്കേഷൻ ഉപയോഗിക്കുകയോ ചെയ്ത രജിസ്റ്റർ ചെയ്തതും ലോഗിൻ ചെയ്തതുമായ ഫേസ്ബുക്ക് ഉപയോക്താവിനെയാണ് കമ്പനി പ്രതിദിന സജീവ ഉപയോക്താവായി നിർവചിക്കുന്നത്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ കാര്യത്തിലും മികച്ച സംഭാവന നൽകുന്നവരിൽ ഇന്ത്യയും ഉണ്ടായിരുന്നു.