വാഷിങ്ടണ്‍: വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിട്ട് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക്. ആറ് മാസംകൊണ്ട് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഫേസ്ബുക്കിലൂടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ച് കമ്പനിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തത്.
അക്കൗണ്ടുകള്‍ വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ഒരോ അക്കൗണ്ടിനുമുള്ള ആക്റ്റീവിറ്റി പാറ്റേണ്‍ നോക്കിയാണ്. മാസത്തില്‍ 230 കോടി ആക്റ്റീവ് ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. കമ്പനി ഈ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇതില്‍ അഞ്ച് ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്ന് പറയുന്നു.
2018 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച് വരെ 1.11 കോടി തീവ്രവാദവുമായി ബന്ധപ്പെട്ടതും 5.23 കോടി അക്രമാസക്തമായ ഉള്ളടക്കങ്ങളുമുള്ള പോസ്റ്റുകളും അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന 73 കോടി പോസ്റ്റുകളും ഫോട്ടോകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.