സാന്‍ഫ്രാന്‍സിസ്‌കോ: റഷ്യന്‍ ഇടപെടലുകളെ തടയുന്നതിന് പുതിയ ടൂള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫേയ്‌സ്ബുക്ക്.
ഉപഭോക്താക്കള്‍ ഇടപെടുന്ന പേജുകള്‍ റഷ്യന്‍ പ്രചരണോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണോ എന്ന് കാണാന്‍ കഴിയുന്ന സംവിധാനമായിരിക്കും ഫേയ്‌സ്ബുക്ക് ഏര്‍പ്പെടുത്തുന്നത്.
ഇതു വഴി ലൈക്ക് ചെയ്ത പേജുകള്‍ റഷ്യന്‍ പിന്തുണയോടെയുള്ളതാണോ എന്ന് ഉപഭോക്താക്കള്‍ക്ക് അറിയാനും സാധിക്കും.
2016 ല്‍ നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വഴി റഷ്യന്‍ ഏജന്‍സികള്‍ സ്വാധീനം ചെലുത്തിയ സംഭവത്തില്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിന് വേണ്ടി റഷ്യന്‍ ഏജന്‍സികള്‍ പ്രചരിപ്പിച്ച പ്രചരണ സന്ദേശങ്ങളും പരസ്യങ്ങളും ഫേയ്‌സ്ബുക്കിന്റെ 12.6 കോടിയോളം ഉപഭോക്താക്കളിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ ഫേയ്‌സ്ബുക്ക് ഹെല്‍പ് സെന്ററില്‍ പുതിയ ടൂള്‍ ലഭ്യമാവുമെന്ന് ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു.
അമേരിക്കയുടെ ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള ഇടപെടലുകളെ ചെറുക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നും ഫേയ്‌സ്ബുക്ക് കൂട്ടിച്ചേര്‍ത്തു.