ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് നിരോധിക്കുമെന്ന് സൂചന. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഉപഭോക്താക്കളില്‍ വലിയ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്കിന്റെ നടപടി.
ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗ്‌സ് തുടങ്ങിയ പരസ്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത്തരം പരസ്യങ്ങള്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം, ഓഡിയന്‍സ് നെറ്റ് വര്‍ക്ക്, മെസഞ്ചര്‍ എന്നിവയിലും ഇത്തരം പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തട്ടിപ്പുകളെ കുറിച്ച് ഭയക്കാതെ ഉപഭോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കണം എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ തീരുമാനം നടപ്പാക്കുന്നതിന് ഉപയോക്താക്കളെയും ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും. ‘നിങ്ങളുടെ പെന്‍ഷന്‍ തുക കൊണ്ട് ബിറ്റ്‌കോയിന്‍ വാങ്ങൂ’ എന്നിങ്ങനെയുള്ള പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉപഭോക്താക്കള്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഫെയ്‌സ്ബുക്ക് നിര്‍ദേശം.
കര്‍ശനമായ നിയന്ത്രണങ്ങളോടെ സാമ്പത്തിക സംബന്ധമായ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് അനുവദിക്കുന്നുണ്ട്. ചൂതുകളി, ഗെയിമിംഗ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് അനുമതിയും ആവശ്യമാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ മാത്രമേ ഇത്തരം പരസ്യങ്ങള്‍ എത്തിക്കാന്‍ സാധിക്കൂ. നിയമപരമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഇളവ് ലഭിക്കുമെന്ന് കരുതാം.