കോട്ടയത്തെ തണ്ണീർതടം മണ്ണിട്ട് നികത്തൽ; ഒറ്റ കോളിൽ മിന്നൽ ഇടപെടലുമായി മന്ത്രി !

ത്ര പ്രളയമുണ്ടായാലും പാഠംപഠിക്കാത്ത ചിലർ ഇപ്പോഴും നമുക്കിടയിലുണ്ട്. അവർ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടു തന്നെ ഇരിക്കും. അവർക്ക് കൂട്ടിന് ഉദ്യോഗസ്ഥ സംഘവും ഉണ്ടാകും. ഇത്തരക്കാർക്ക് ശക്തമായ ഒരു മുന്നറിയിപ്പാണ് റവന്യൂ മന്ത്രി കെ രാജന്റെ  ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സുഹൃത്തായ അഭിഭാഷകന്റെ ഒരു ഫോൺ കോളിൽ മിന്നൽ നടപടി ക്കാണ് മന്ത്രി നേരിട്ട് നിർദ്ദേശം നൽകിയിരുന്നത്. ഇതാകട്ടെ പരാതിക്കാരനെ പോലും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു.

തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ വില്ലേജ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള സകല ഉദ്യോഗസ്ഥരെയും വിളിച്ച് ക്ഷമകെട്ടാണ് ഒടുവില്‍ റവന്യൂ മന്ത്രി രാജനെ തന്നെ അഭിഭാഷകനായ പ്രശാന്ത് രാജന്‍ വിളിച്ചിരുന്നത്. യുവജന സംഘടന രംഗത്ത് പ്രവര്‍ത്തിക്കുന്ന അടുപ്പും മുന്‍ നിര്‍ത്തി സാധാരണ ഇത്തരം ഇടപെടലുകള്‍ക്ക് മുതിരാതിരുന്ന പ്രശാന്ത് രാജന്റെ ഈ ഇടപെടല്‍ വലിയ രൂപത്തിലാണ് ഗുണം ചെയ്തിരിക്കുന്നത്.ഇതോടെ മുന്‍പ് മുഖം തിരിച്ച ഉദ്യോഗസ്ഥ മുഖങ്ങളെല്ലാം പരാതി കേള്‍ക്കാനും നടപടി സ്വീകരിക്കാനും മിന്നല്‍ വേഗത്തിലാണ് തയ്യാറായിരിക്കുന്നത്. തന്റെ അനുഭവം പ്രശാന്ത് രാജന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് മന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തു വന്നിരിക്കുന്നത്.

 

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

എം.എൽ.എ.മാരിലും മന്ത്രിമാരിലും
പലരും ദീർഘനാൾ ഒപ്പം നടന്നവരും
ഒന്നിച്ച് താമസിച്ചവരും ഉറ്റ ചങ്ങാതിമാരുമാണ്. അറിഞ്ഞോ അറിയാതെയോ ആ ബന്ധം
ദുരുപയോഗപ്പെടുത്താതിരിക്കാൻ
ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

പക്ഷേ, ഇന്ന് രാവിലെ ആദ്യമായി
പ്രിയ സുഹൃത്തും സഖാവുമായ
റവന്യൂ മന്ത്രി കെ.രാജനെ വിളിച്ചു.
ആദ്യം ഫോൺ തിരക്കിലായിരുന്നതിനാൽ കിട്ടിയിരുന്നില്ല. അല്പം സമയം കഴിഞ്ഞില്ല. തിരികെ വിളിച്ചു.
വില്ലേജ് ഓഫീസർ മുതൽ മുകളിലോട്ട് വിളിച്ചിട്ട് രക്ഷയില്ലാത്തതിനാൽ മാത്രം വിളിക്കുന്നതാണെന്ന് ഞാൻ സങ്കടം ഉണർത്തിച്ചു. “ഒരു മണിക്കൂറിനുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ നീ തിരികെ വിളിച്ചോ.. ” മന്ത്രി ഫോൺ വച്ചു.

ഒരു മണിക്കൂർ കഴിഞ്ഞില്ല.
പലവിധ ദുർന്യായങ്ങൾ നിരത്തി നാട്ടുകാരെ മടക്കിയ ഉദ്യോഗസ്ഥ
വൃദ്ധം ഓടിയെത്തി. നാട്ടുകാർ തടഞ്ഞിട്ട
മണ്ണ് ലോറി കേസെടുക്കാതെ
നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വിട്ടയച്ച പോലീസ് കേസ് എടുക്കുകയും മണൽ ലോറി കസ്റ്റഡിയിൽ എടുക്കുയും ചെയ്തു. അത് വരെ നിലം നികത്തിയ ഭൂഉടമകളെ അറിയില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ തേടിപടിച്ച് നിരോധന ഉത്തരവ് നൽകി.
———————————————————————-
മണർകാട് – ഏറ്റുമാനൂർ – പട്ടിത്താനം ബൈപാസിന്റെ നിമ്മാണം പൂർത്തിയായി വരുന്ന ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് കിഴക്കുവശം ഭാഗം മുതൽ പട്ടിത്താനം വരെ ഇടതു വശത്തുള്ള തണ്ണീർതടം മണ്ണിട്ട് നികത്തിവന്നത് റവന്യൂ മന്ത്രി കെ.രാജൻ നേരിട്ട് ഇടപെട്ട് നിർത്തി വയ്പിച്ചു.

പ്രദേശ വാസികൾ നിരവധി തവണ പോലീസിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടും യാതാരു നടപടിയും ഉണ്ടാകാതെ വന്നതിനെ തുടർന്നാണ് മന്ത്രി നേരിട്ട് അടിയന്തിര നടപടിക്ക് ജില്ലാ കളക്ടർ മുഖേന നിർദ്ദേശം നൽകിയത്.

രാവിലെ നാട്ടുകാർ തടഞ്ഞിട്ട മണ്ണ്ലോറി പോലീസെത്തിയെങ്കിലും കേസെടുക്കാതെ വിട്ടുകൊടുക്കുകയാണ് ഉണ്ടായത്.
മുനിസിപ്പൽ അധികാരികളുടെയും പോലീസിന്റെയും റവന്യൂ – കൃഷി – പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും,
റോഡ് പണി കരാറുകാരന്റെയും ഒത്താശയോട് കൂടിയാണ് മണ്ണ് കൊണ്ട് നികത്തുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

മണർകാട് – പട്ടിത്താനം ബൈപ്പാസിനായി ഏറ്റെടുത്ത തൊണ്ണൂറ് 1 ശതമാനം സ്ഥലവും തണ്ണീർ തടാകങ്ങളും കൃഷിയിടങ്ങളുമായിരുന്നു. ഏറ്റുമാനൂരിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ചെറിയ പരിഹാരം ആവുമെന്നുള്ളതുകൊണ്ട് പരിസ്ഥിതി വാദികളാരും I തടസ്സം പറഞ്ഞിരുന്നില്ല.
പഴയ പാടശേഖരങ്ങൾ നികത്തിയതോടു കൂടി ഇരു കരകളിലുമുള്ള വീടുകളിലെല്ലാം കഴിഞ്ഞ തവണ വെള്ളം കയറുകയും വേനലിൽ കിണറുകളിലെ വെള്ളം വറ്റുകയും ചെയ്തിരുന്നു.
റോഡിനായി നികത്തി കരിങ്കൽ കെട്ടി അതിര് തിരിച്ചിരിക്കുന്നതിന്റെ ഇരു വശത്തും ഏക്കർ കണക്കിന് ബാക്കി കിടക്കുന്ന തണ്ണീർ തടങ്ങളാണ് നഗ്നമായ നിയമ ലംഘനം നടത്തി ഇപ്പോൾ നികത്തി വരുന്നത്.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര കിണറുകളിലും അകത്തും പുറത്തുമുള്ള ക്ഷേത്ര കുളങ്ങളിലും സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിലും ഒരിക്കലും വെള്ളം വറ്റാതെ കിടക്കുന്നത് രണ്ട് കിലോമീറ്ററോളം നീളത്തിൽ ഈ തണ്ണീർതട ജലാശയങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.

മംഗളം കുന്നുംപുറത്തുനിന്നും പട്ടിത്താനം മുതലുള്ള ഉയർന്ന സ്ഥലങ്ങളിൽ നിന്നും കൂടാതെ സമീപ
പ്രദേശങ്ങളിൽ നിന്നും ഒഴുകി വരുന്ന വലിയ അളവ് വെള്ളത്തെ നൂറ്റാണ്ടുകളായി സ്റ്റോറു ചെയ്ത് സംരക്ഷിച്ച് പാരിസ്ഥിതിക സന്തുലതാവസ്ഥ നിലനിർത്തി വരുന്നതിൽ
ഈ തണ്ണീർ തടങ്ങൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. അവ നികത്തപ്പെട്ടാൽ നിർമ്മിച്ച് വരുന്ന ബൈപ്പാസ് റോഡിലും ഇരുവശങ്ങളിലുമുള്ള വീടുകളിലും ഒരു ചെറിയ മഴക്കാലത്ത് പോലും വെള്ളം കയറുന്ന സ്ഥിതിയുണ്ടാവും.
# Adv.Prasanth Rajan #

Top