തൃശൂര്‍: അവിഹിത സമ്പാദ്യത്തെ കുറിച്ച് അറിയാന്‍ വേഷം മാറി അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവില്‍ ചെന്നെത്തിയത് കഠിനശീലനായ വ്യക്തിയുടെ മുന്നില്‍. രഹസ്യ പൊലീസുകാരന്‍ ആ സംഭവം തുറന്ന് പറയുന്നു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :
ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തു പറയാന്‍ പാടില്ലെന്നാണ്, പക്ഷേ ചില രഹസ്യങ്ങള്‍, അത് വ്യക്തിപരമോ ഔദ്യോഗികമോ ആവട്ടെ, മനസ്സിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടുമ്പോഴുണ്ടാകുന്ന അവസ്ഥയുണ്ടല്ലോ… അങ്ങിനെ ഒരു ഘട്ടത്തിലാണിപ്പോള്‍ ഞാന്‍.തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന സമയം. അനധികൃത പണമിടപാട്, വെട്ടിപ്പലിശ, ബ്ലേഡ് മാഫിയ തുടങ്ങിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന കാലം. ഇതൊക്കെ വലിയ തലക്കെട്ടുള്ള വാര്‍ത്തകളായി പത്രങ്ങളിലും, ടി.വി.യിലും നിറഞ്ഞു.ഒരു ദിവസം എന്റെ മേലുദ്യോഗസ്ഥന് തപാലില്‍ വന്ന ഒരു കത്ത്, അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. ഞാനത് തുറന്നു നോക്കി, അതൊരു പരാതിയാണ്. പരാതി എന്നു വെറുതേ പറയാന്‍ കഴിയില്ല; നാട്ടില്‍ നടക്കുന്ന കുറേ സംഭവങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളാണതില്‍ കൂടുതലും…!!!
വടക്കാഞ്ചേരിയിലാണ് സംഭവം. അവിടുത്തെ ഒരു ബ്ലേഡ് പലിശക്കാരനെക്കുറിച്ചാണ് പ്രതിപാദ്യം. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അയാള്‍ സമ്പാദിച്ചുകൂട്ടിയ ഭൂമിയേയും സ്വത്തുക്കളേയും, ബാങ്ക് എക്കൗണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ചും, സ്വര്‍ണാഭരണങ്ങളേയും കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. അയാളുടെ ഭാര്യ അണിയുന്ന ആഭരണങ്ങള്‍, സാരി എന്നിവ മുതല്‍ വന്‍ തുക ഫീസ് നല്‍കി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നതു വരെ ഇതില്‍ പറയുന്നുണ്ട്. ഇതൊന്നുമല്ല യഥാര്‍ത്ഥ പരാതിക്കാര്യം….., കൃത്യമായി ഒരു ജോലിയുമില്ലാത്ത, നിശ്ചിതമായ ഒരു വരുമാനവുമില്ലാത്ത ഇയാള്‍ക്ക് എങ്ങനെയാണ് ഇത്രയൊക്കെ സമ്പാദിക്കാന്‍ കഴിയുക..?, മാത്രവുമല്ല ഈ സമ്പാദ്യം മുഴുവനും കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടെ നേടിയിട്ടുള്ളതുമാണ്.
സാധാരണയായി ഒരു പരാതി പോലീസിന് ലഭിച്ചാല്‍, അയാളെ വിളിച്ചു വരുത്തി, മൊഴി രേഖപ്പെടുത്തിയും, സാക്ഷികളെ കണ്ടു ചോദിച്ചും, സ്ഥലത്തു നേരിട്ടു പോയി അന്വേഷണം നടത്തുകയാണ് പതിവ്. ഇത്തവണ ഞങ്ങള്‍ പതിവൊന്നു തെറ്റിച്ചു. അന്വേഷണം മുന്നില്‍ നിന്നുമല്ല, പിറകില്‍ നിന്നുമാണ് ആരംഭിക്കുന്നത്.രഹസ്യമായി, ഞങ്ങള്‍ ഈ പരാതിയില്‍ പരാമര്‍ശിക്കുന്ന വ്യക്തിയാരാണെന്ന് തിരിച്ചറിഞ്ഞു. ഇയാളും കുടുംബാംഗങ്ങളും താമസിക്കുന്ന വീടും സ്ഥലവും കണ്ടെത്തി. തൊട്ടടുത്ത വില്ലേജ് ഓഫീസില്‍ പോയി, അയാളുടെ പേരിലുള്ള സ്വത്തു വഹകളുടെ വിവരങ്ങള്‍ ശേഖരിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും അടുത്തിടെ ഇയാള്‍ നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ച് വിവരങ്ങളെടുത്തു. അയാളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂള്‍, ദൈനം ദിനം ഇയാളുമായി ഇടപഴകുന്ന വ്യക്തികള്‍ ഇവിടങ്ങളിലേക്കെല്ലാം അവര്‍ പോലുമറിയാതെ അന്വേഷണം ചെന്നെത്തി. പിന്നെ പോലീസല്ലേ.., അയാളുടെ മൊബൈല്‍ നമ്പര്‍ കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.
സത്യത്തില്‍ ഈ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലാണ് ഇയാളുടെ സ്വത്തുക്കള്‍ ഇതുപോലെ വളര്‍ന്നത്. നല്ലൊരു വീട് പണിതിട്ടുണ്ട്. നഗരത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികള്‍ പഠിക്കുന്നു. കൂടാതെ വീടിനു കുറച്ചു മാറി, രണ്ടേക്കറോളം തെങ്ങിന്‍ പറമ്പും, കുറച്ചു നല്‍വയലും വാങ്ങിയിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പ് വാങ്ങിയ ഓട്ടോറിക്ഷ ഇപ്പോള്‍ ഓടിക്കുന്നത് വല്ലപ്പോഴും വൈകുന്നേരങ്ങളില്‍ മാത്രം ..!പിന്നെയെങ്ങിനെയാണ് ഈ സ്വത്തുക്കളെല്ലാം ഇയാള്‍ ഉണ്ടാക്കിയത്..? ഞങ്ങള്‍ക്ക് സംശയങ്ങള്‍ ഇരട്ടിച്ചു.കഴിഞ്ഞ 2 മാസം ഇയാള്‍ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടയാളുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ടവര്‍ ലൊക്കേഷനും ജി.പി.എസ്. സാങ്കേതിക വിദ്യയുപയോഗിച്ച് ഇയാളുടെ സഞ്ചാരപഥം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു.
അങ്ങിനെ ഒരു കാര്യം മനസ്സിലായി; ഇയാള്‍ രാത്രി കാലങ്ങളില്‍ വീട്ടില്‍ കിടന്നുറങ്ങുന്നില്ല. എല്ലാ ദിവസവും രാത്രി 9 മണിയോടെ ഇയാള്‍ വീട് വിട്ടിറങ്ങും, പുലര്‍ച്ചെയാണ് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. രാത്രി കാലങ്ങളില്‍ കളവോ മോഷണമോ നടത്തുകയാണോ ഇയാളുടെ പരിപാടി..? ഞങ്ങളുടെ സംശയം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. അല്ലെങ്കില്‍ തന്നെ, അക്കാലത്ത്, രാത്രികാല മോഷണങ്ങളും അഠങ, ജ്വല്ലറി കവര്‍ച്ചകളുമൊക്കെ വര്‍ദ്ധിച്ചു വന്നിരുന്ന സമയവുമാണ്.ഈ അന്വേഷണത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു പിന്നീട്. ഇയാള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടയാളുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അതു ചെന്നെത്തിയത് നഗരത്തിലെ ഏതാനും പ്രൈവറ്റ് ബസ്സുടമകളിലേയ്ക്കാണ്. ബസുടമകളും ഇയാളും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ്, രാത്രി കാലങ്ങളില്‍ ഇയാള്‍ കേന്ദ്രീകരിക്കുന്നത് തൃശൂര്‍ വടക്കേ ബസ് സ്റ്റാന്റിലാണെന്ന് വ്യക്തമായത്.
അയാളറിയാതെ, അയാളുടെ നിഴലായ് ഞങ്ങള്‍ മാറി. ആ അന്വേഷണത്തില്‍ അയാളുടെ സമ്പാദ്യത്തിന്റെ ഉടവിറത്തെക്കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കി.എല്ലാ ദിവസവും രാത്രി 9 മണിയോടെ അയാള്‍ വീട്ടില്‍ നിന്നിറങ്ങും. നേരേ പോകുന്നത് തൃശൂര്‍ വടക്കേ ബസ് സ്റ്റാന്റിലേക്കാണ്. അപ്പോഴേക്കും അവസാന ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി, ബസുകള്‍ അവിടെ നിരന്നു കിടക്കുന്നുണ്ടാകും. ബസുകള്‍ കഴുകി വൃത്തിയാക്കലാണ് ഇയാളുടെ ജോലി. ആദ്യം ബസിനകത്തെ പൊടിയും ചവറും അടിച്ചു തൂത്ത് വൃത്തിയാക്കും. പിന്നെ തൊട്ടപ്പുറത്തെ വടക്കേച്ചിറയില്‍ നിന്നും ബക്കറ്റ് നിറയെ വെള്ളം കോരി കൊണ്ടുവരും. ബസിനകവും പുറവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിത്തുടയ്ക്കും. അങ്ങിനെ ഒന്നല്ല, ദിവസവും മുപ്പതോ നാല്‍പതോ ബസുകള്‍ കഴുകി വൃത്തിയാക്കുന്നതിന് ഉടമകളുമായി കരാറുണ്ട് ഇയാള്‍ക്ക്. അതിരാവിലെ ജോലികള്‍ പൂര്‍ത്തിയാക്കി, ബസിനകത്തെ ഡൈവര്‍ സീറ്റിനു മുന്നിലെ ദൈവങ്ങളുടെ ഫോട്ടോകളില്‍ പൂമാലകള്‍ ചാര്‍ത്തിയാണ് വീട്ടിലേക്കു മടങ്ങുക.
ബസ് ഒന്നിന് ദിനം പ്രതി 100 രൂപ, ഇങ്ങനെ ശരാശരി 40 ബസുകള്‍ വൃത്തിയാക്കുന്നതിന് ഒരു ദിവസം 4,000 രൂപയോളം വരുമാനം ലഭിക്കുന്നു ഇയാള്‍ക്ക്. നല്ല അധ്വാനമുള്ള ജോലിയാണെങ്കിലും, വെയില്‍ കൊള്ളുകയോ എളുപ്പം ക്ഷീണിക്കുകയോ ചെയ്യില്ലെന്നതാണ് ഇയാളെ ഇങ്ങനെ അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍, സ്ഥിര ജോലിയ്ക്കു് ക്ലീനര്‍മാരെ വെയ്‌ക്കേണ്ടെന്നതാണ് ബസ് മുതലാളിമാര്‍ക്കുള്ള ഗുണം. മാസം മുഴുവന്‍ എല്ലാ ദിവസവും ജോലി. ഞായറോ അവധി ദിവസങ്ങളോ ഇല്ല. പകല്‍ സമയം ഉറങ്ങുകയോ മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യാം. മദ്യപാനമോ മറ്റ് ദുര്‍വ്യയങ്ങളോ ഇല്ലാത്തതിനാല്‍ ഇങ്ങനെ ലഭിക്കുന്നവരുമാനം ഇയാള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്ന് ഞങ്ങള്‍ക്കു മനസ്സിലായി.
കഴമ്പില്ലാത്ത ഈ പരാതിയിലെ അന്വേഷണവും, അയാളെക്കുറിച്ചുള്ള പോലീസ് ഡയറിയും ഞങ്ങള്‍ അവസാനിപ്പിച്ചു.ഹേ, അധ്വാനശീലനായ ചെറുപ്പക്കാരാ.. നിന്റെ നെഞ്ചിലെ രോമകൂപങ്ങളില്‍ നിന്നും ഉതിരുന്ന വിയര്‍പ്പുതുള്ളികള്‍ അസൂയക്കാരുടെ കണ്ണുകളില്‍ വീണ് ഉപ്പുരസം പടരട്ടെ, തുടരുക സോദരാ, ജീവിക്കാന്‍ വേണ്ടിയുള്ള നിന്റെ നില്‍പ്പു സമരം.!!!