പ്രിയനന്ദനന്‍, മലയാളത്തിന്റെ അഭിമാനമായ സംവിധായകരില്‍ എന്ത് കൊണ്ടും എണ്ണപ്പെട്ട വ്യക്തിത്വം. പ്രിയനന്ദനന്‍ സംവദിക്കുന്ന വിഷയങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും, അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വരുന്ന അപമാനങ്ങളില്‍ സഹതപിക്കുകയും, ഓണ്‍ലൈനില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നതിനും അപ്പുറം പ്രിയന്റെ സിനിമ തീയേറ്ററില്‍ പോയി കാണാന്‍ എത്ര മലയാളികള്‍ തയ്യാറാകുന്നുണ്ടെന്ന ചോദ്യം ഏറെ പ്രസക്തമാണ്. അവാര്‍ഡുകള്‍ നേടി ചിത്രം നാടിന് അഭിമാനമാകുമ്പോള്‍ കുറിയ്ക്കുന്ന വാക്കുകള്‍ക്ക് എന്തെങ്കിലും ആത്മാര്‍ത്ഥത കല്‍പ്പിക്കുന്നവര്‍ തീയേറ്ററുകളില്‍ പ്രിയനന്ദനന്റെ പുതിയ ചിത്രമായ ‘സൈലന്‍സര്‍’ കണ്ട് പിന്തുണയ്ക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് രാവുണ്ണി ചക്കാടത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്:
പൂര്‍ണ്ണരൂപം വായിക്കാം:
നമുക്ക് പ്രിയനെ വേണം.
ഉദ്ഘാടനങ്ങള്‍ക്ക്. സാംസ്‌കാരിക സമ്മേളനങ്ങള്‍ക്ക്.പൊതുയോഗങ്ങള്‍ക്ക്.
കാഴ്ചയ്ക്ക് .എഴുന്നള്ളിപ്പിന്. അലങ്കാരത്തിന്.
പ്രിയനന്ദനനെ നിശ്ചയമായും വേണം.
അദ്ദേഹം ദേശീയ പുരസ്‌കാരം നേടി മലയാള സിനിമയെ ആകാശത്തോളമുയര്‍ത്തി എന്ന് നമ്മളും ആവേശഭരിതരായി. നാടുനീളെ സ്വീകരണം കൊടുത്ത് നമ്മുടെ ഉദാരതയും സാംസ്‌കാരിക ഔന്നത്യവും പ്രദര്‍ശിപ്പിച്ചു. പ്രിയന്‍ ഇനിയും അവാര്‍ഡ് നേടട്ടെ. നമ്മള്‍ ഇനിയും സ്വീകരണം കൊടുക്കും. ആദരിക്കും .ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കും.
ഹല്ല പിന്നെ…..
പ്രിയന്‍ എന്നും ഇവിടെ ഉണ്ടായിരുന്നു. തെരുവിലും. സദസ്സിലും വേദിയിലും .നാടകശാലയിലും മദ്യശാലയിലും സിനിമാശാലയിലും. അക്കാദമി മുറ്റത്തും കലാസമിതിയിലുമൊക്കെ.
ജാഥയില്‍ അണി നിരന്നും മുദ്രാവാക്യം വിളിച്ചും തര്‍ക്കിച്ചും ഏറ്റുമുട്ടിയും പൊരുതിയും സമരം ചെയ്തും നമുക്കിടയില്‍ത്തന്നെ.
‘വാലാട്ടുന്നവരല്ല
കുരയ്ക്കുന്നവരാണ് യഥാര്‍ത്ഥനായ്ക്കള്‍ ‘
എന്നൊക്കെ എന്റെ കവിത കൊണ്ട് എനിക്കു തന്നെ താക്കീത് നല്കിയും. ധീരമായ നിലപാടുകളുടെ പേരില്‍ പുലഭ്യം കേട്ടും അക്രമിക്കപ്പെട്ടും ചാണകാഭിഷേകം ചെയ്യപ്പെട്ടും നട്ടെല്ലു വളയ്ക്കാതെ നമുക്കിടയില്‍ത്തന്നെ.
നമ്മുടെ നിശ്ശബ്ദതയ്ക്ക് പ്രായശ്ചിത്തം ചെയ്തു കൊണ്ട്.
നല്ല നാടകങ്ങള്‍ ഉണ്ടാക്കിക്കൊണ്ട്. അങ്ങേയറ്റത്തെ ക്ലേശക്കൊടുമുടികള്‍ ചവിട്ടിക്കയറിയും സങ്കടല്‍ നീന്തിയും ഓരോ സിനിമയും എടുത്തു കൊണ്ട്.
തനിക്ക് സ്വീകരണങ്ങള്‍ തന്നവരോ ഉദ്ഘാടനങ്ങള്‍ക്കു വിളിച്ചവരോ ആരെങ്കിലും തന്റെ സിനിമ കാണാന്‍ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് .താന്‍ കൂടി ഉള്‍പ്പെട്ട കെ എസ് എഫ് ഡി സി നല്ല സിനിമയോടു പുലര്‍ത്തുന്ന ശത്രുതാപരമായ നിലപാടിനിരയായി സ്വയം നിന്നെരിഞ്ഞു കൊണ്ട്. പ്രിയന്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ട്.
സൈലന്‍സര്‍ ഇതാ ഇപ്പോഴും തിയേറ്ററില്‍ ഉണ്ട്. (തൃശൂര്‍ കൈരളി തിയ്യേറ്ററില്‍ ഉച്ചക്ക് ഒന്നരയ്ക്കാണ് പ്രദര്‍ശനം)
വൈശാഖന്‍ മാഷ്ടെ പ്രസിദ്ധമായ രചന.ലാലിന്റെയും ഇര്‍ഷാദിന്റെയും ഗംഭീരമായ അഭിനയം.അശ്വഘോഷന്റെ മികച്ച ഫോട്ടോഗ്രാഫി.ഗോപീകൃഷ്ണന്റെ ഒന്നാന്തരം രചന. പ്രിയന്റെ ഗംഭീരമായ ചലച്ചിത്ര സാക്ഷാത്ക്കാരം.
കലാകാരന്റെ പ്രശസ്തി നമുക്ക് വേണം. കല വേണ്ട എന്നതാവരുത് നമ്മുടെ സമീപനം. വരൂ. സൈലന്‍സര്‍ കാണൂ.
സിനിമ കാണല്‍ വെറും കാഴ്ചയല്ല. അതൊരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. നിശ്ചയമായും അത് രാഷ്ട്രീയ പ്രവര്‍ത്തനമായും മാറും.
അതിനാല്‍
വരിക വരിക സഹജരേ.