ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കരാര്‍ ജീവനക്കാരെയെല്ലാം പറഞ്ഞയച്ചതോടെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നത് സ്ഥിരം ജീവനക്കാരെന്ന് ഫെയ്‌സ്ബുക്ക്. നേരത്തെ ഫെയ്‌സ്ബുക്ക് ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നവരില്‍ വലിയൊരു വിഭാഗം കരാര്‍ ജീവനക്കാരായിരുന്നു. ഇപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ തന്നെ സ്ഥിരം ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് അപകടകരമായ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നത്.
കുട്ടികളുടെ സുരക്ഷ, ആത്മഹത്യ, സ്വയം ഉപദ്രവമേല്‍പ്പിക്കല്‍ പോലുള്ള ഉള്ളടക്കങ്ങളാണ് ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ പരിശോധിക്കുക. ഉള്ളടക്കങ്ങള്‍ വിലയിരുത്തുന്നവരെ താല്‍ക്കാലികമായി വീട്ടിലേക്കയക്കുകയാണെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതുവരെ ഞങ്ങളുടെ പ്ലാറ്റ് ഫോം സുരക്ഷിതമായിരിക്കാന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.
സമീപഭാവിയില്‍ തന്നെ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആരംഭിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ചില മുഴുവന്‍ സമയ ജീവനക്കാര്‍ ഉള്ളടക്കങ്ങള്‍ പരിശോധിക്കും. എന്നാല്‍ വരുന്ന ആഴ്ചകളില്‍ തന്നെ ഞങ്ങളുടെ പങ്കാളികളായി പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു. ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വരുന്നതിന് നിര്‍ബന്ധിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.