ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ ഉപയോഗിക്കുന്ന സാമൂഹികമാധ്യമങ്ങളിലൊന്നായ ഫേസ്ബുക്കിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം നടത്തിയ ഫേസ്ബുക്ക് നെറ്റ്ഫ്‌ലിക്‌സ്, സ്‌പോര്‍ട്ടിഫൈ എന്നിവര്‍ക്ക് ഫേസ്ബുക്ക്ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനുള്ള അനുമതിയും നല്‍കിയെന്ന വിവരമാണ് പുറത്ത് വരുന്നത്. സ്വകാര്യതാ നയം ചില വന്‍ കമ്പനികള്‍ക്കു വേണ്ടി ഫേസ്ബുക്ക് വിട്ടുവീഴ്ച ചെയ്‌തെന്നാണ് ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എന്‍ജിന് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ആരൊക്കെയുണ്ടെന്ന് കാണാനുള്ള അനുമതി നല്‍കി. അതുപോലെ ആമസോണ്‍, മൈക്രസോഫ്റ്റ്, സോണി എന്നീ കമ്പനികള്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസ് അവരുടെ സുഹൃത്തുക്കള്‍ വഴി ശേഖരിക്കാനുള്ള അനുമതിയാണ് ഫേസ്ബുക്ക് നല്‍കിയത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളിലേക്ക് കടക്കാനുള്ള അനുമതി യാഹുവിനും നല്‍കിയിരുന്നു.
ഇരുഭാഗത്തും നേട്ടങ്ങളുണ്ടാക്കാന്‍ പറ്റുന്ന വിധത്തിലുള്ള കരാറിലാണ് കമ്പനി ഏര്‍പ്പെട്ടിരുന്നത്. പരസ്യവരുമാനത്തിലൂന്നിയാണ് സ്വകാര്യവിവരങ്ങള്‍ ഫേസ്ബുക്ക് വിറ്റഴിക്കുന്നത് എന്ന വിമര്‍ശനമാണ് പൊതുവേ ഫേസ്ബുക്കിന് നേരെ ഉയരുന്നത്. എന്നാല്‍ 2016ലെ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തിനുള്ള പങ്കും , ഈ സ്ഥാപനത്തിന് ഉപഭോക്താക്കളുടെ ഡേറ്റ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് നല്‍കിയ അനുമതിയുമെല്ലാം ചര്‍ച്ച ചെയ്ത് കഴിഞ്ഞ വിഷയങ്ങളാണ്. രാഷ്ട്രീയ കാര്യങ്ങളിലും കടന്നു കയറുന്ന ഫേസ്ബുക്ക് ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് വെല്ലുവിളിയായേക്കുമെന്ന ആശങ്കയും ഇന്നുണ്ട്. ബോധപൂര്‍വം ഇത്രയേറെ പിഴവുകള്‍ വരുത്തിയ ഫേസ്ബുക്കും ഇപ്പോഴും കച്ചവട താല്‍പര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല.