പാരീസ്: ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് ടൂള്‍ ഇനി ഭീകരാക്രമണം പോലുള്ള ദുരന്തങ്ങളില്‍ പെട്ടവരെക്കുറിച്ച് അറിയാനും പ്രയോജനപ്പെടുത്താമെന്നു ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. പാരീസ് ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ സേഫ്റ്റി ചെക്ക് ടൂള്‍ അവതരിപ്പിച്ചതിനു രൂക്ഷവിമര്‍ശം നേരിട്ട സാഹചര്യത്തിലാണ് ഫേസ്ബുക്ക് നിലപാട് മാറ്റിയത്.
പാരീസ് ജനതയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രൊഫല്‍ ചിത്രം ഫ്രഞ്ച് പതാകയുടെ നിറമാക്കുന്ന ഫീച്ചര്‍ ഫേസ്ബുക്ക് നല്‍കിയിരുന്നു. എന്നാല്‍ ബെയ്‌റൂട്ടിലെ സ്‌ഫോടനത്തില്‍ എന്തുകൊണ്ട് ഫേസ്ബുക്ക് ടൂള്‍ അവതരിപ്പിച്ചില്ലെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ മരിക്കുമ്പോള്‍ ഫേസ്ബുക്ക് എന്തുകൊണ്ട് ഇത്തരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ലെന്നാണ് വിമര്‍ശകരുടെ ചോദ്യം.
പ്രകൃതി ദുരന്തങ്ങള്‍ക്കു മാത്രമായി പ്രയോജനപ്പെടുന്നതായിരുന്നു സേഫ്റ്റി ചെക്ക് ടൂള്‍ സംവിധാനം സൃഷ്ടിച്ചത്. എന്നാല്‍ പാരീസ് ആക്രമണത്തില്‍ ഉറ്റവര്‍ സുരക്ഷിതരാണോയെന്നു അറിയുന്നതിനും സേഫ്റ്റി ചെക്ക് ടൂള്‍ പ്രയോജനപ്പെടുത്തുകയായിരുന്നു.