സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് മൊബൈല്‍ വെബ് ആപ്പിലെ മെസേജിങ് സര്‍വീസ് അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യൂസര്‍മാരെ മെസഞ്ചര്‍ ആപ്പിലേക്ക് എത്തിക്കാനാണ് ഫെയ്‌സ്ബുക്ക് നീക്കമെന്നറിയുന്നു.
ടെക്ക് ക്രഞ്ച് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ സംഭാഷണങ്ങള്‍ മെസഞ്ചറിലേക്ക് മാറ്റുന്നു’ എന്ന് കാണിച്ചുള്ള നോട്ടീസ് യൂസര്‍മാര്‍ക്ക് ഫെയ്‌സ്ബുക്ക് നല്‍കുന്നുണ്ടത്രെ.
നിലവില്‍ നോട്ടീസ് തള്ളിക്കളയാമെങ്കിലും ഭാവിയില്‍ എല്ലാവരും മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുമെന്നും ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
മെസേജിങ് സേവനം കൂടുതല്‍ ഫലപ്രദമാക്കാനാണ് ഫെയ്‌സ്ബുക്കിന്റെ ശ്രമം. മെസഞ്ചര്‍ ആപ്പില്‍ അത് സാധ്യമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2014ല്‍ സമാന നീക്കത്തിന് ഫെയ്‌സ്ബുക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ യൂസര്‍മാര്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തീരുമാനം പിന്‍വലിച്ചു.
യൂസര്‍മാരുടെ എണ്ണത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ആണ് മെസഞ്ചര്‍. 90 കോടിയലധികം യൂസര്‍മാരുള്ള വാട്‌സ്ആപ്പ് ആണ് ഒന്നാമത്.