മുംബൈ: അമേരിക്കന്‍ കമ്പനിയായ ഫെയ്സ്ബുക്ക് റിലയന്‍സ് ജിയോയില്‍ ഓഹരി നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയുടെ പത്തു ശതമാനം ഓഹരി വാങ്ങാനാണ് നീക്കമെന്നാണ് സൂചന.ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും കൊറോണയുടെ പശ്ചാത്തലത്തിലുള്ള യാത്രാനിയന്ത്രണങ്ങള്‍ കാരണം ചര്‍ച്ചകള്‍ നീണ്ടുപോകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിലയന്‍സ് ജിയോയുടെ ശൃംഖല വിപുലമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍തുക ചെലവഴിച്ചിരുന്നു. ഇത് കമ്പനിയുടെ കടബാധ്യത വര്‍ധിപ്പിച്ചിരുന്നു. ഫെസ്ബുക്കിന് പത്ത് ശതമാനം ഓഹരികള്‍ വില്‍ക്കുന്നതോടെ ഈ ബാധ്യത പൂജ്യത്തിലേക്ക് എത്തിക്കാന്‍ ജിയോക്ക് സാധിക്കും.
വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ ഉടമയായ ഫെയ്‌സ്ബുക് ഇന്ത്യന്‍ ടെലികോം വിപണിയില്‍ നിര്‍ണായക ചുവടുവെയ്പ്പിനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഫെയ്സ്ബുക്കിന് താത്പര്യങ്ങളുണ്ടെങ്കിലും നേരിട്ട് വിപണിയില്‍ പ്രവേശിക്കുക അത്ര എളുപ്പമല്ല. വ്യക്തിഗത വിവരസംരക്ഷണ നിയമവും മറ്റും ഇതിന് കനത്ത വെല്ലുവിളിയാണ്. ഫെയ്‌സ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. അതിനാല്‍ തന്നെ ഈ ഇടപാട് കമ്പനിക്ക് വളരെ നിര്‍ണായകമാണ്.