കോഴിക്കോട്: ഗവ.ചിൽഡ്രൻസ് ഹോമിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കെട്ടിടത്തിന്റെ അറ്റകുറ്റപണികളും, കുട്ടികൾക്ക് കളിക്കാനുളള സാഹചര്യങ്ങളുമെല്ലാം ഒരുക്കേണ്ടതുണ്ട്. അത് ഉടൻ പൂർത്തിയാക്കും. മറ്റുള്ള കാര്യങ്ങളെല്ലാം വനിതാ ശിശുക്ഷേമ വകുപ്പുമായി ബന്ധപ്പെട്ടതാണ്.
വകുപ്പുമായി ആലോചിച്ച് വേണ്ട കാര്യങ്ങൾ ഉടൻ ചെയ്ത് തീർക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വെള്ളിമാട് കുന്നിലെ ഗവ.ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ചാടിപ്പോയ സംഭവത്തിന് ശേഷം സ്ഥലം സന്ദർശിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
ഇതിനിടെ ഗവ. ചിൽഡ്രൻസ് ഹോമിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വിഷയത്തിൽ ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പിന് നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടിയുണ്ടായത്. വനിത ശിശുവികസന വകുപ്പ് ഹോമിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. സൂപ്രണ്ടിനെ സ്ഥലം മാറ്റിയിട്ടുമുണ്ട്.