ഭോപ്പാല്‍: തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ഭരണകാലത്ത് നേരിട്ട പീഡനം മൂലമാണെന്ന് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂര്‍. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രജ്ഞാസിങ് ഠാക്കൂറിന് ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിട്ടുണ്ട്. ‘ഒന്‍പതു വര്‍ഷമായുള്ള കോണ്‍ഗ്രസിന്റെ പീഡനത്തെ തുടര്‍ന്ന് എനിക്ക് നിരവധി പരിക്കുകളുണ്ടായി. അന്നത്തെ പീഡനങ്ങള്‍ തന്നെ ഇപ്പോഴും അലട്ടുകയാണ്. എന്റെ കണ്ണിലും തലച്ചോറിലും പഴുപ്പും വീക്കവും രൂപപ്പെട്ടു. ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന് മങ്ങിയ കാഴ്ചയാണുള്ളത്’ പ്രജ്ഞാസിങ് പറഞ്ഞു.
2008-ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞാസിങ് ജയിലിലായിരുന്നപ്പോള്‍ കടുത്ത പീഡനം നേരിട്ടുവെന്നാണ് ആരോപിക്കുന്നത്. തന്നെ കാണുന്നില്ലെന്ന് പറഞ്ഞ് ഭോപ്പാലിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച ചോദ്യത്തിന് ലോക്ക്ഡൗണ്‍ നിയന്ത്രണം കാരണമാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങാന്‍ കഴിയാതിരുന്നതെന്ന് അവര്‍ മറുപടി നല്‍കി.
അതേസമയം, പ്രജ്ഞാസിങിന്റെ ആരോപണം കോണ്‍ഗ്രസ് നേതാവ് പി.സി.ശര്‍മ തള്ളി. തങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ശര്‍മ പറഞ്ഞു.