അജിത് പവാറിന്റെ പിന്തുണയോടെ ഫഡ്നാവിസ് മുഖ്യമന്ത്രിയായേക്കും; പ്രഫുൽ പട്ടേലിന് കേന്ദ്രമന്ത്രി സ്ഥാനം?

ന്യൂ‍ഡൽഹി : മഹാരാഷ്ട്ര അട്ടിമറിയുടെ തിരക്കഥയൊരുങ്ങിയത് ഡൽഹിയിൽ. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെയെത്തിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാറുമായി നേരത്തേ തന്നെ അമിത് ഷാ ബന്ധപ്പെട്ടിരുന്നതായാണു വിവരം. പ്രഫുൽ പട്ടേലിനു കേന്ദ്ര മന്ത്രിസഭാ പദവിയാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രഫുലിനു പുറമേ ഷിൻഡെ പക്ഷത്തിനും കേന്ദ്ര മന്ത്രിസഭയിൽ ഇടം ലഭിക്കും. ഭാവിയിൽ, ഷിൻഡെയെ കൈവിട്ട് അജിത് പവാറിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനും ബിജെപി മടിച്ചേക്കില്ല.

വൻ രാഷ്ട്രീയ അട്ടിമറി നീക്കത്തിലൂടെയാണ് എൻസിപിയെ നെടുകെ പിളർത്തി അജിത് പവാർ മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്. ഛഗൻ ഭുജ്ബൽ ഉൾപ്പെടെ 8 പേരും അജിത്തിനൊപ്പം ഷിൻഡെ–ഫഡ്നാവിസ് സർക്കാരിൽ മന്ത്രിമാരായി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി തുടരും. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത് പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കെയാണു ഭരണപക്ഷത്തേക്കു േചക്കേറിയത്. നാലു വർഷത്തിനിടെ മൂന്നാം തവണയാണ് അജിത് ഉപമുഖ്യമന്ത്രിയാകുന്നത്.

അടുത്തിടെ പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റായി നിയമിച്ച പ്രഫുൽ പട്ടേലും അജിത് ക്യാംപിലേക്കു പോയതു ശരദ് പവാറിനു ഞെട്ടലായി. 53 എൻസിപി എംഎൽഎമാരിൽ 40 പേരുടെ പിന്തുണ അജിത് പവാർ അവകാശപ്പെട്ടു. ഏറെക്കാലമായി ബിജെപിയോടു ചായ്‌വുള്ള അജിത്തിനെ തഴഞ്ഞു മകൾ സുപ്രിയ സുളെയെ ദേശീയ വർക്കിങ് പ്രസിഡന്റ് ആക്കി പിൻഗാമിയാക്കാൻ ശരദ് പവാർ നടത്തിയ നീക്കത്തിനു പിന്നാലെയാണ് അജിത്തിന്റെ തിരിച്ചടി. ശിവസേനയെ പിളർത്തി ഷിൻെഡയുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിച്ചതിന്റെ ഒന്നാം വാർഷികം പിന്നിട്ടു രണ്ടാം ദിവസമാണ് അതേ രീതിയിൽ എൻസിപിയെയും പിളർത്തി സർക്കാരിന്റെ ഭാഗമാക്കിയത്.

മഹാരാഷ്ട്ര കക്ഷിനില

ബിജെപി 105

ശിവസേന 40

എൻസിപി 53 ( പിളർപ്പിനു മുൻപ്)

കോൺഗ്രസ് 45

ശിവസേന (ഉദ്ധവ്) 17

സ്വതന്ത്രരും മറ്റും 28

ആകെ സീറ്റ് 288

Top