മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗഡി നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നേടിയത് ത്രികക്ഷി സര്‍ക്കാരില്‍ അംഗങ്ങളായ എല്ലാവര്‍ക്കും ആശ്വാസത്തിനുള്ള വക നല്‍കി. എന്നാല്‍ ബിജെപി ഈ ദിവസത്തിന് തുടക്കം കുറിച്ചത് നാടകീയമായ ഇടപെടലുകള്‍ വഴിയാണ്. പുതിയ സര്‍ക്കാര്‍ നിയമം തെറ്റിക്കുന്നുവെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസംഗിച്ച ശേഷമായിരുന്നു ബിജെപി അംഗങ്ങളുടെ വാക്കൗട്ട്.
വിശ്വാസവോട്ടെടുപ്പ് നടത്തുന്ന രീതിയില്‍ മൂന്ന് ചോദ്യങ്ങളാണ് നിയമസഭാ സമ്മേളനത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉയര്‍ത്തിയത്. ഭൂരിപക്ഷം തെളിയിക്കാനുള്ള നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള അവകാശം ഗവര്‍ണര്‍ക്ക് മാത്രമാണുള്ളതെന്ന് ഫഡ്‌നാവിസ് ചൂണ്ടിക്കാണിച്ചു. അത്തരത്തില്‍ ഉത്തരവുകളൊന്നും രാജ് ഭവനില്‍ നിന്നും പുറത്തിറങ്ങാത്തതിനാല്‍ സമ്മേളനം തന്നെ സംശയത്തിലാണ് നടത്തുന്നത്.
‘അര്‍ദ്ധരാത്രിയിലാണ് സമ്മേളനം വിളിക്കുകയെന്നായിരുന്നു ഞങ്ങളെ അറിയിച്ചിരുന്നത്. സര്‍ക്കാരിന് ഞങ്ങളുടെ അംഗങ്ങളെ പരമാവധി ഒഴിവാക്കണമായിരുന്നു’, ഫഡ്‌നാവിസ് വ്യക്തമാക്കി. പ്രോടേം സ്പീക്കര്‍ക്ക് പകരം സ്പീക്കര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ പ്രശ്‌നം. ഉദ്ധവ് താക്കറെയും, മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനാ ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു.
ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയതോടെ അനായാസം ത്രികക്ഷി സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പിച്ചു. എന്നാല്‍ ഫഡ്‌നാവിസിന്റെ കടന്നാക്രമണം വരാനിരിക്കുന്ന ദിവസങ്ങളില്‍ മഹാരാഷ്ട്ര രാഷ്ട്രീയം നേരിടാന്‍ ഒരുങ്ങുന്ന നിലപാടുകളുടെ സൂചനയാണ്.