മഹാരാഷ്ട്ര രാഷ്ട്രീയം ക്ലൈമാക്‌സിലോ?; ഉദ്ധവ് താക്കറെ അധികാരത്തിലേക്ക്‌…

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഇനി മഹാസഖ്യത്തിന്റെ സര്‍ക്കാരിന് ഊഴം. ഉദ്ധവ് താക്കറെയെ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതാവായി അഞ്ചുമണിക്ക് തിരഞ്ഞെടുക്കും. ഇതിനായി ശിവസേന- എന്‍സിപി-കോണ്‍ഗ്രസ് സംയുക്ത നിയമസഭാ കക്ഷിയോഗം ചേരും. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രാജിവെച്ചത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസ് രാജി പ്രഖ്യാപിച്ചു. അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെയാണ് നടപടി. ഇതോടെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.

മുംബൈയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് സമ്മതിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് രാജി പ്രഖ്യാപിച്ചത്. അല്‍പസമയത്തിനകം രാജ് ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്ന് ഫഡ്‌നാവിസ് അറിയിച്ചു. നേരത്തെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവച്ചിരുന്നു. സര്‍ക്കാര്‍ നാളെ വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നാടകീയമായ രാജി. ബി.ജെ.പി പ്രതിപക്ഷമായി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

അധികാരത്തിലേറാനുള്ള ജനവിധി ലഭിച്ചത് ബിജെപിക്കാണ്. എന്നാല്‍ ശിവസേന അത് അട്ടിമറിച്ചു. അജിത് പവാര്‍ പിന്തുണ ഉറപ്പുനല്‍കിയപ്പോഴാണ് സര്‍ക്കാരുണ്ടാക്കാന്‍ തുനിഞ്ഞതെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. ത്രികക്ഷി സര്‍ക്കാര്‍ വന്നാലും അത് സ്വയം നശിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂര്‍ പിന്നിടുമ്പോഴാണ് രാജിവെച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിക്കാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Top