ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ എന്ന ചിത്രത്തില്‍ നായികയായി നടി കാതറിന്‍ ട്രീസ അഭിനയിക്കും. നവാഗത സംവിധായകന്‍ വിവേക് തോമസ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം സണ്ണിവെയിനും എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തില്‍ സണ്ണിവെയിന്‍ അഭിനയിക്കില്ലെന്ന് സംവിധായകന്‍ വിവേക് അറിയിച്ചു.
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് തിരക്കുകളിലായതിനാലാണ് സണ്ണിക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതെന്ന് വിവേക് പറഞ്ഞു. സണ്ണിവെയ്‌ന് പകരം ഷറഫുദീന്‍ ചിത്രത്തില്‍ എത്തും. ഫഹദ് ഫാസില്‍ ഒരു പ്ലേബോയ് കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്.
‘ആണെങ്കിലും അല്ലെങ്കിലും’ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫഹദ് മറ്റ് സിനിമകളുടെ തിരക്കിലായിരുന്നതിനാല്‍ ചിത്രീകരണം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഫഹദ് നായകനായ ട്രാന്‍സ് എന്ന ചിത്രത്തിലും അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് താടിവച്ചാണ് അഭിനയിച്ചിരുന്നത് അതുകൊണ്ടു തന്നെ ഈ ചിത്രങ്ങള്‍ക്കിടയില്‍ ആണെങ്കിലും അല്ലെങ്കിലും ഷൂട്ട് ചെയ്യുക സാധ്യമായിരുന്നില്ല. ഇപ്പോള്‍ ഇരു ചിത്രങ്ങളും ഫഹദ് പൂര്‍ത്തിയാക്കികഴിഞ്ഞിരിക്കുന്നു. മെയ് ഏഴ് മുതല്‍ ആണെങ്കിലും അല്ലെങ്കിലും ചിത്രീകരണം ആരംഭിക്കും.
2010ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ദി ത്രില്ലറിനുശേഷം കാതറിന്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തില്‍ കോട്ടയത്തുകാരി നാടന്‍ പെണ്‍കുട്ടിയായാണ് കാതറിന്‍ എത്തുക. ബംഗളൂരു, പുതുചേരി, കൂട്ടിക്കല്‍,കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുക. രഞ്ജി പണിക്കര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അലന്‍സിയര്‍, തെസ്‌നി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും.