പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് ഫഹദ് ഫാസിലും നസ്രിയയും

കൊച്ചി: താരദമ്പതികളായ ഫഹദ് ഫാസിലിനെയും നസ്രിയയെയും സന്ദര്‍ശിച്ച് എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. ഇലക്ഷന് പിന്തുണ തേടിയാണ് പി രാജീവ് ഇരുവരെയും സന്ദര്‍ശിച്ചത്.

തെരഞ്ഞെടുപ്പില്‍ എല്ലാവിധ വിജയാശംസകളും നേരുന്നതായി താരദമ്പതികള്‍ രാജീവിനെ അറിയിച്ചു. പ്രശസ്ത സംവിധായകന്‍ അമല്‍ നീരദും പി രാജീവിന്റെ സന്ദര്‍ശനവേളയില്‍ ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു.

പി.രാജീവിന് സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. വോട്ടര്‍മാരെ നേരില്‍ കണ്ടും വോട്ടഭ്യര്‍ത്ഥിച്ചും ഇതിനകം തന്നെ സ്ഥാനാര്‍ത്ഥി മണ്ഡലങ്ങളില്‍ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം രാജീവിനായി സംഗീത സംവിധായകന്‍ ബിജിപാലും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ തെരഞ്ഞെടുപ്പ് പ്രചാരണഗാനം ‘ദില്‍ മേ രാജീവ് ദില്ലി മേ രാജീവ്’ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

മഹാരാജാസ് കോളേജില്‍ പി രാജീവിന് നല്‍കിയ സ്വീകരണത്തില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ദില്‍ മേ രാജീവ്, ദില്ലി മേ രാജീവ് എന്നെഴുതിയ പോസ്റ്ററില്‍ നിന്നാണ് ഗാനത്തിന് ആശയം ലഭിച്ചത്.

അജീഷ് ദാസന്റെ വരികള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയത് ബിജിപാലാണ്. ദൃശ്യങ്ങള്‍ ഒരുക്കിയത് റാസല്‍ പരീതും. തൃക്കാക്കര മണ്ഡല പര്യടനത്തിനിടെ ബിജിപാലിന്റെ വീട്ടിലെത്തുമ്പോഴാണ് പാട്ടിനെക്കുറിച്ച് അറിയുന്നതെന്ന് പി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്.

Top