തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്ന ഞാന്‍ പ്രകാശനിലെ ഗാനത്തിന്റെ വീഡിയോ കാണാം

ത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘ഞാന്‍ പ്രകാശന്‍’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. ചിത്രത്തിലെ ബംഗാളി ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ യദു എസ് മാരാര്‍ ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരി നാരായണന്റേതാണ് വരികള്‍.

ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു നടന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നിഖിലാ വിമലാണ് നായിക.

നമ്മുടെ ചുറ്റുവട്ടത്തുള്ള ഒരു യുവാവിന്റെ കഥയാണ് ഞാന്‍ പ്രകാശനിലൂടെ അവതരിപ്പിക്കുന്നത്. പഠിച്ച പണി ചെയ്യാതെ, എല്ലാറ്റിനെയും കുറ്റംപറഞ്ഞ് നടക്കുന്ന ഒരു ചെറുപ്പക്കാരനാണ് നായകന്‍ പ്രകാശന്‍. പ്രകാശന്‍ എന്ന പേരിന് പരിഷ്‌കാരം പോരാഞ്ഞിട്ട് അവന്‍ പി.ആര്‍. ആകാശ് എന്ന് ഗസറ്റിലൂടെ പേര് മാറ്റിയിരിക്കുകയാണ്. മെയില്‍ നേഴ്‌സിങ് കഴിഞ്ഞ് നാട്ടിലെ ആശുപത്രികളിലൊന്നും ജോലിക്ക് പോകാതെ ആശുപത്രിക്കാരെ കുറ്റംപറഞ്ഞ് നടപ്പാണ്. ഈ സാഹചര്യത്തിലാണ് തന്റെ ജൂനിയറായി നേഴ്‌സിങ്ങിന് ബാംഗ്ലൂരില്‍ പഠിച്ചിരുന്ന ശലോമി എന്ന പെണ്‍കുട്ടി പ്രകാശന്റെ വീട്ടിലെത്തുന്നത്. അവള്‍ ജര്‍മനിയിലേക്ക് പോകുന്നു. ഇത് പ്രകാശനൊരു ഷോക്കായിരുന്നു. കാരണം ജര്‍മനി അവന്റെ സ്വപ്നമായിരുന്നു. നിസ്സാരക്കാരിയായ സലോമി പോലും ജര്‍മനിക്ക് പോകുന്നു. അതോടെ അവന്‍ നാടുവിട്ട് നഗരത്തിലെത്തി. അച്ഛന്റെ ശിഷ്യനായ ഗോപാല്‍ജിയുടെ സഹായത്തോടെ പിന്നെ ജര്‍മനിക്ക് പോകാനുള്ള അവന്റെ ശ്രമങ്ങളും ഇതിനിടെ അവന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് തികച്ചും രസാവഹമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രമായ ഗോപാല്‍ജിയുടെ വേഷം ചെയ്യുന്നത്. പ്രകാശന്‍, സലോമി, ഗോപാല്‍ജി ഈ മൂന്ന് കഥാപാത്രങ്ങളാണ് ഈ ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്തുപോന്നവരും ചില പുതുമുഖങ്ങളുമാണ് ഇതിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.പി.എ.സി. ലളിത, സബിതാ ആനന്ദ്, വീണാ നായര്‍, മഞ്ജുള (മറിമായം), മഞ്ജുഷ, ജയശങ്കര്‍, മുന്‍ഷി ദിലീപ് എന്നിവര്‍ പ്രധാന താരങ്ങളാണ്. ഷാന്‍ റഹ്മാന്റെതാണ് സംഗീതം. എസ്. കുമാര്‍ ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Top