ഫഹദ് ഫാസിൽ വളരെ പ്രതിഭയുള്ള നടനാണെന്നും ദക്ഷിണേന്ത്യയുടെ സ്വകാര്യ സ്വത്താണെന്നും ഉലകനായകൻ കമൽ ഹാസൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഹദിനെക്കുറിച്ച് കമൽ വാചാലനായത് .’വിക്ര’മിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും തകർത്തഭിനയിക്കുമ്പോൾ ഞാൻ അവരിൽനിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും ആഗ്രഹിച്ചുപോയി. ഫഹദ് വളരെ കഴിവുള്ള നടനാണ്. കേരളത്തിന്‍റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ സ്വത്താണ് ഫഹദ്. ഈ ചിത്രത്തിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാൻ കാരണം അദ്ദേഹത്തിന്‍റെ കഴിവ് തന്നെയാണ്. അല്ലാതെ മലയാളിയായതുകൊണ്ടല്ല -കമൽ പറഞ്ഞു.
അടുത്ത പത്ത് വർഷം പ്രേക്ഷക മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന സിനിമയായിരിക്കും വിക്രം . സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് വിക്രം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ടിലും കൊറിയോഗ്രഫിയിലുമെല്ലാം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ അഭിനയിക്കാൻ താൻ എപ്പോഴും തയാറാണ്. പക്ഷേ, തനിക്കു പറ്റിയ കഥയും കഥാപാത്രവും സംവിധായകനും ഒന്നും ഒത്തുവരുന്നില്ല എന്നതാണ് പ്രശ്നം -കമൽ ഹാസൻ വ്യക്തമാക്കി.