ഒഡീഷയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ

ഭുവനേശ്വര്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുന്നു. ഒരു ലക്ഷം രൂപ വരെ പിഴ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിനായി പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരും.

1897ലെ പകര്‍ച്ച വ്യാധി നിയമത്തിലെ സെക്ഷന്‍ മൂന്ന് ഭേദഗതി ചെയ്യുമെന്ന് ചീഫ് സെക്രട്ടറി അസിത് ത്രിപാഠി പറഞ്ഞു. ഇത് പ്രകാരം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് രണ്ട് വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. നിയമസഭ ചേരാത്തതിനാല്‍ ഓര്‍ഡിനന്‍സിലൂടെ നിയമം ഭേദഗതി ചെയ്യുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 52,000 കവിയുകയും മരണസംഖ്യ 314 ആകുകയും ചെയ്ത സാഹചര്യത്തിലാണ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്നത്.

Top