തിരുവനന്തപുരം: ബെവ്‌കോ പുറത്തിറക്കിയ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ആപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഫെയര്‍കോഡിന് നല്‍കിയത് സാമ്പത്തികലാഭം പരിഗണിച്ചെന്ന് ആരോപണം.ബിഡില്‍ രണ്ടാമതെത്തിയ സ്മാര്‍ട് ഇ3 സൊല്യൂഷന്‍സിന്റെ ആപ്പ് ഫെയര്‍കോഡിനേക്കാള്‍ സാങ്കേതികമായി ഏറെ മുന്നിലാണെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു. ഫെയര്‍കോഡ് 2.8 ലക്ഷം രൂപയും സ്മാര്‍ട് ഇ 1.85 കോടിയും ക്വോട്ട് ചെയ്തു. ഇതോടെ കുറഞ്ഞനിരക്കുള്ള ഫെയര്‍കോഡിനു കരാര്‍ നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.
ബെവ് ക്യൂ ആപ്പിന്റെ തുടര്‍ച്ചയായ സാങ്കേതിക പ്രശ്‌നങ്ങള്‍ ആദ്യദിവസത്തെ മദ്യവിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഇതോടെ ഫെയര്‍കോഡിന്റെ സാങ്കേതിക വൈദഗ്ധ്യത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. സ്റ്റാര്‍ട്ടപ് മിഷന്‍ പുറത്തുവിട്ട ടെന്‍ഡര്‍ രേഖകളില്‍ സാങ്കേതിക പരിശോധനയില്‍ സ്മാര്‍ട് ഇ3 സൊല്യൂഷന്‍സിന്റെ സ്‌കോര്‍ 86ഉം ഫെയര്‍കോഡിന്റേത് 79ഉം ആയിരുന്നു.സ്മാര്‍ട് ഇ3യുടെ ഉല്‍പന്നം ഉടന്‍ ഉപയോഗത്തിന് സജ്ജമായിരുന്നെങ്കില്‍ ഫെയര്‍കോഡിന്റേത് ഉപയോഗക്ഷമമാകാന്‍ ഒരാഴ്ച വേണ്ടിവരുമെന്ന് പരിശോധനാഫലത്തിലുണ്ട്.
സ്മാര്‍ട് ഇ3 അവതരിപ്പിച്ചതു പൂര്‍ണതോതില്‍ ഉപയോഗ സജ്ജമായ ഉല്‍പന്നമാണ്. എന്നാല്‍ ഫെയര്‍കോഡിന്റെ ഉല്‍പന്നത്തില്‍ ചില മാറ്റങ്ങള്‍ വേണ്ടിയിരുന്നു. സ്മാര്‍ട് ഇ3 ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തന പരിചയമുള്ളതാണ്. അവര്‍ക്ക് കൂടുതല്‍ ഇടപാടുകാരെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നും പരിശോധന ഫലത്തിലുണ്ട്.
ഫെയര്‍കോഡ് തയാറാക്കിയ ബെവ് ക്യൂ ആപ്പ് ഇടപാടുകാരുടെ എണ്ണം കൂടുതലായതോടെ രാവിലെ ഹാങ്ങായി. ഫിനാന്‍ഷ്യല്‍ ബിഡില്‍ ഫെയര്‍കോഡിന് നൂറില്‍ നൂറും കിട്ടിയപ്പോള്‍ സ്മാര്‍ട് ഇ3ന് ഒന്നര മാര്‍ക്കേ കിട്ടിയുള്ളൂ. മറ്റ് കമ്പനികളെല്ലാം 14 ലക്ഷം മുതല്‍ മുകളിലേക്ക് ചോദിച്ചപ്പോള്‍ വെറും 2.8 ലക്ഷം രൂപയാണ് ഫെയര്‍കോഡ് ചോദിച്ചതെന്നാണ് ആരോപണം.