ബെവ്ക്യൂ ആപ്പിലെ പ്രശ്‌നങ്ങള്‍ 4 മണിക്കൂറിനുള്ളില്‍ പരിഹരിക്കും: നിര്‍മാതാക്കള്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂവിലെ പ്രശ്നങ്ങള്‍ നാലു മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്നോളജീസ്.

ഒടിപി സേവനദാതാക്കളുടെ എണ്ണം കുറഞ്ഞതാണ് ഇന്നലെ മുതല്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിനു കാരണമെന്ന് ഫെയര്‍കോഡ് കമ്പനി പറഞ്ഞു. നിലവില്‍ ഒരു കമ്പനി മാത്രമാണ് ഒടിപി സേവനം നല്‍കുന്നത്. അതാണ് പേര് രജിസ്റ്റര്‍ ചെയതവര്‍ക്ക് ഒടിപി ലഭ്യമാകാത്തത്. കൂടുതല്‍ ഒടിപി സേവനദാതാക്കളെ കൊണ്ടുവരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു.

ഒരേ സമയം മൂന്നു കമ്പനികളുടെ ഒടിപി സേവനം ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് ഫെയര്‍കോഡ് പ്രതീക്ഷിക്കുന്നത്. ഇവരുടെ സേവനം ലഭ്യമായാല്‍ നാലു മണിക്കൂറിനുള്ളില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഇന്നു വൈകീട്ടോടെ ഇതിന് തീരുമാനമാകും. നാളത്തേക്കുള്ള ബുക്കിങ് ഇന്ന് വൈകീട്ടോടെ ആരംഭിക്കുമെന്നും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു.

Top