തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യ സൂത്രധാരനും ആര്‍.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹകുമായ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി മഠത്തില്‍ നാരായണന്‍ (47), ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), ഗൂഢാലോചനക്ക് പിടിയിലായ വിശ്വഹിന്ദുപരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും ബി.ജെ.പി നേതാവുമായ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (48) എന്നിവരുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ല കോടതി ഇന്ന് പരിഗണിക്കുക.
ഒരുമാസം മുമ്പാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷകര്‍ കേസിലെ പ്രധാനികളായതിനാല്‍ത്തന്നെ കൂടുതല്‍ വാദം നടത്തണമെന്നാവശ്യത്തെ തുടര്‍ന്ന് പലതവണയായി നീട്ടുകയായിരുന്നു.
2016- നവംബര്‍ 19-ന് പുലര്‍ച്ചയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസല്‍ കൊല്ലപ്പെട്ടത്. കേസില്‍ 16 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 13 പേര്‍ക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.