മലപ്പുറം: ജില്ല പൊലീസ് മേധാവി ദേബേശ് കുമാര്‍ ബെഹ്റക്കെതിരെ ആരോപണങ്ങളുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും തിരൂരങ്ങാടി എംഎല്‍എയുമായ പികെ അബ്ദുറബ്ബ് രംഗത്ത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസ് അന്വേഷണം അട്ടിമറിക്കാനുളള ഗൂഡശ്രമം എസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തന്റെ കീഴിലുളള സംഘാംഗങ്ങളെ മറ്റ് പല ഡ്യൂട്ടികള്‍ക്കുമായി വിന്ന്യസിച്ചത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയങ്ങാടി നേര്‍ച്ചയും ശബരിമല മകരവിളക്കും പ്രമാണിച്ച് ഫൈസല്‍ വധക്കേസ് അന്വേഷിക്കുന്ന ചില ഉദ്യോഗസ്ഥരേയും സ്പെഷ്യല്‍ ഡ്യൂട്ടിക്കായി അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എംഎല്‍എയുടെ പ്രതികരണം.
അന്വേഷണ സംഘത്തലവന് താനാണെന്ന് പറയുകയും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയുമാണ് എസ്പി ചെയ്യുന്നതെന്നും പികെ അബ്ദുറബ്ബ് കുറ്റപ്പെടുത്തി.
ഈ സ്ഥിതി തുടരുന്നത് നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഇടയാക്കും അതുകൊണ്ട് ഇതേ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും അബ്ദുറബ്ബ് പറഞ്ഞു.