ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി യോഗി ആദിത്യനാഥ്

ലക്നോ: ഉത്തര്‍ പ്രദേശിലെ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റണമെന്ന് നേരത്തെ വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയതിനു പിന്നാലെയാണ് ഫൈസാബാദിന്റെ പേരുമാറ്റം.

അയോധ്യയിലെ രാം കഥാ പാര്‍ക്കില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യ കിംഗ് ജൂംഗ് ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. സ്മാരകം ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അയോധ്യയില്‍ പുതിയ വിമാനത്താവളവും മെഡിക്കല്‍ കോളജും നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദശരഥ രാജാവിന്റ പേരിലായിരിക്കും മെഡിക്കല്‍ കോളജ്. മര്യാദപുരുഷോത്തം രാം എന്നായിരിക്കും വിമാനത്താവളത്തിന്റെ പേര്. അയോധ്യയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അയോധ്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുക. ശ്രീരാമന്റെ ഓര്‍മ്മകള്‍ ജനഹൃദയങ്ങളില്‍ നിന്ന് മായ്ച്ചുകളയാന്‍ ആരെയും അനുവദിക്കില്ല. ഇക്കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പുതരുന്നതായും അദ്ദേഹം പറഞ്ഞു.

Top