മലപ്പുറം : സംസ്ഥാനത്തെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്. നിരവധി പേർക്ക് പണം നഷ്ടമായി. പണം നഷ്ടമായവർ ചൊവ്വാഴ്ച്ച കോഴിക്കോട് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരെ തേടിയെത്തി. കരിപ്പൂരിൽ എത്തിയപ്പോഴാണ് ഈ പേരിൽ ആരും ജോലി ചെയ്യുന്നില്ലെന്നും തട്ടിപ്പിന് ഇരയായെന്നും ഇവർ അറിയുന്നത്.
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിരവധി പേരാണ് പരാതിയുമായി എത്തിയത്. ഫോൺ മുഖേനയും നിരവധി പേർ സ്റ്റേഷനിൽ വിളിച്ചിട്ടുമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത്. വിമാനത്താവളത്തിലെ ഉഗ്യോഗസ്ഥരുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കും. ശേഷം തങ്ങൾക്ക് സ്ഥലംമാറ്റം ലഭിച്ചെന്ന പേരിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഓൺലൈൻ വില്പനക്ക് വെക്കുന്നതായി പോസ്റ്റുകൾ ഇടും. ഇതോടെയാണ് തട്ടിപ്പിന് തുടക്കം. ഇലക്ട്രോണിക്സ്, ഫർണിച്ചർ, വാഹനങ്ങൾ എന്നിവ ഒരുമിച്ച് വിൽക്കുന്നുവെന്നാണ് പരസ്യം. കുറഞ്ഞ വിലയായിരിക്കും സൈറ്റിലിടുക. ഇത് കണ്ട് നിരവധി പേര് ഇവരെ സൈറ്റ് ഇത് കാണുന്ന നമ്പറിലൂടെ ബന്ധപ്പെടും. സാധനം ലഭിക്കണമെങ്കിൽ പണം മുൻകൂറായി നൽകണമെന്ന് പറയും.
ഡിജിറ്റൽ വാലറ്റ് മുഖേനയാണ് പണം കൈമാറുക. പണം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചാലും ലഭിക്കില്ല. ഒരു കേസിൽ പൊലീസ് ടവർ ലൊക്കേഷൻ കണ്ടെത്തിയത് രാജസ്ഥാനിലാണ്. പരസ്യം കണ്ട് വിളിക്കുന്നവരുടെ പരിസരത്തുള്ള വിമാനത്താവളങ്ങളിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നാണ് തട്ടിപ്പുകാർ പറയുക. വിമാനത്താവളങ്ങളിലെ സുരക്ഷ ജീവനക്കാരുടെ പേരിലാണ് കൂടുതലും തട്ടിപ്പ് നടക്കുന്നത്.