സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടിനും വ്യാപകമായി പ്രചരിക്കുന്ന ഡീപ്‌ഫേക്ക് ഫോട്ടോയ്ക്കെതിരെയും സാറ ടെണ്ടുല്‍ക്കര്‍. സാങ്കേതികവിദ്യയുടെ ദുരുപയോഗം ആശങ്കാജനകമാണ്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന് ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ പങ്കിടുന്നുണ്ട്. ‘എക്‌സ്’ അത്തരം അക്കൗണ്ടുകള്‍ പരിശോധിച്ച് സസ്പെന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സാറ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാറ വിമര്‍ശനം ഉന്നയിച്ചത്.
അടുത്തിടെ @SaraTendulkar__ എന്ന ‘എക്‌സ്’ അക്കൗണ്ടില്‍ നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലുമായി സാറ ടെണ്ടുല്‍ക്കര്‍ നില്‍ക്കുന്ന ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിന് പോലും സന്ദേശങ്ങള്‍ അയയ്ക്കുന്നതായി അഭ്യൂഹങ്ങളുണ്ട്.
തനിക്ക് എക്‌സില്‍ അക്കൗണ്ട് ഇല്ലെന്നും അത്തരം അക്കൗണ്ടുകളെ കുറിച്ച് അന്വേഷിച്ച് സസ്പെന്‍ഡ് ചെയ്യണമെന്നും സാറ ആവശ്യപ്പെട്ടു. അതേസമയം പ്രസ്താവന പങ്കുവെച്ചതിന് തൊട്ടുപിന്നാലെ സാറ പോസ്റ്റ് നീക്കം ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല. നേരത്തെ രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ അടക്കമുള്ള താരങ്ങള്‍ ഡീപ്‌ഫേക്കിന് ഇരയായിരുന്നു.