വ്യാജ അക്യുപങ്ചര്‍ ചികിത്സ;സംഭവത്തിൽ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ പ്രതി

തിരുവനന്തപുരം: നേമത്ത് വ്യാജ അക്യുപങ്ചര്‍ ചികിത്സയില്‍ ഭാര്യ മരിച്ച സംഭവത്തിൽ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

മൂന്നും ഒന്നും വയസുള്ള കുട്ടികളുമായാണ് ഷമീറയും ഭര്‍ത്താവും താമസിച്ചിരുന്നത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് വീട് വാടകയ്ക്ക് എടുത്തത്. ഗര്‍ഭിണിയായിരുന്ന ഷമീറയെ ആധുനിക ചികിത്സകള്‍ക്ക് വിധേയയാക്കാതെ വീട്ടില്‍ തന്നെ പ്രസവം നടത്തുന്നതിനായി ഭര്‍ത്താവ് നിര്‍ബന്ധിച്ചതായി സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് ഉണ്ടായ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ പോലും നല്‍കാന്‍ ഇയാള്‍ തയ്യറായില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരടക്കം പറയുന്നത്. ഷമീറയ്ക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കിയയാളും ഇന്നലെ പിടിയിലായിരുന്നു.ഗര്‍ഭിണിയായിരുന്ന സമയത്ത് ഷമീറയെ ഒരിക്കല്‍പോലും ഡോക്ടറെ കാണിച്ചിരുന്നില്ല. അക്യുപങ്ചറിലൂടെ സുഖപ്രസവം നടക്കുമെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പോകാന്‍ അനുവദിക്കാതെ നയാസ് യുവതിയുടെ ചികിത്സ നിഷേധിച്ചത്. നേമം കാരയ്ക്ക മണ്ഡപത്തിലുള്ള വാടക വീട്ടില്‍ ഷമീറ മരിക്കുമ്പോള്‍ മുന്‍ ഭാര്യയും മകളും ഉള്‍പ്പടെ ഉണ്ടായിരുന്നത് ചോദ്യം ചെയ്യലില്‍ നയാസ് തുറന്ന് സമ്മതിച്ചിരുന്നു.

ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയും മകളും പ്രസവത്തിനിടെ ഷമീറ മരിക്കുന്ന സമയം സംഭവം നടക്കുന്ന വീട്ടില്‍ ഉണ്ടായിരുന്നു. അക്യുപങ്ചര്‍ ചികിത്സാരീതി പഠിച്ച ആദ്യ ഭാര്യയുടെ മകള്‍ പ്രവസമെടുക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് കേസെടുത്തത്.

Top