എറണാകുളം: വ്യാജവാറ്റുമായി പെരുമ്പാവൂരിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ ഓടക്കാലി പനിച്ചയം ഉദയകവലക്ക് സമീപം കിഴക്കേ പനിച്ചയത്ത് താമസിക്കുന്ന പെരുമ്പാവൂർ കാവുപുറം പാലിയാപ്പിള്ളി പറമ്പിൽ മനോജാണ് കുറുപ്പംപടി പൊലീസിന്‍റെ പിടിയിലായത്.
ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലായിരുന്നു ചാരായം വാറ്റിയിരുന്നത്.പെരുമ്പാവൂർ പോക്കത്തായി സ്വദേശി ജോർജിന്‍റെ വീട്ടിലാണ് മനോജ് വാടകക്ക് താമസിക്കുന്നത്. ഇവിടെ നിന്നും 9.5 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്.
ബക്കറ്റിലും കുപ്പികളിലുമായാണ് ചാരായം നിറച്ചു വെച്ചിരുന്നത്. വലിയ പ്ലാസ്റ്റിക് വീപ്പകളിലായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ട സാഹചര്യം കണക്കിലെടുത്ത് വിൽപ്പന നടത്തുന്നതിന് വേണ്ടിയായിരുന്നു മനോജ് ചാരായം വാറ്റിയിരുന്നത്.