കൊച്ചി: ജിഷയുടെ അമ്മ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ സാജു പോളിനോട് ചെയ്തത് മഹാപാപം.
ജിഷയുടെ മൃഗീയ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍പക്കക്കാര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച ജിഷയുടെ അമ്മ രാജേശ്വരി എംഎല്‍എ ആയിരുന്ന സാജു പോളിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനും ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചതിന് ശേഷമുള്ള ഈ ആരോപണം ഏറെ വിവാദമായിരുന്നു.
ആശുപത്രിയില്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനോടും ചാലക്കുടി എംപി ഇന്നസെന്റിനോടും സിപിഐഎം നേതാവ് എസ്. ശര്‍മ്മയോടും പ്രാദേശിക നേതാക്കളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ജിഷയുടെ അമ്മ മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.
‘സാജു പോള്‍ കള്ളനാ സാറേ, ഞാന്‍ പല പ്രാവശ്യം സാജു പോളിന്റെ ഓഫീസില്‍ പോയി എന്റെ കൊച്ചിന്റെ കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും ചെയ്ത് തന്നില്ല. ഞാന്‍ പറഞ്ഞത് കേട്ടില്ല’ എന്നാണ് ജിഷയുടെ അമ്മ വിഎസിനോട് പറഞ്ഞത്. അയല്‍പക്കക്കാരെ പ്രതിസ്ഥാനത്ത് നിര്‍ത്തി അവരെ സാജു പോള്‍ സഹായിക്കുകയാണെന്നായിരുന്നു ഇവരുടെ മറ്റൊരു ആരോപണം.
ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് പങ്കുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നുവെങ്കിലും സാജു പോളിനെതിരെ വ്യാപകമായ പ്രചാരണമാണ് യുഡിഎഫ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ അഴിച്ച് വിട്ടിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജിഷ കൊലക്കേസ് സംസ്ഥാനത്താകമാനം സര്‍ക്കാരിനെതിരായ വികാരമായി പടര്‍ന്നപ്പോള്‍ പെരുമ്പാവൂരില്‍ അത് നേരെ തിരിച്ചായിരുന്നു.
ജിഷയുടെ അമ്മയുടെ ആരോപണം ഉയര്‍ത്തി യുഡിഎഫ് നടത്തിയ ശക്തമായ പ്രചരണത്തെ ചെറുക്കാന്‍ ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സമരത്തിന് പോലും പെരുമ്പാവൂരില്‍ കഴിഞ്ഞിരുന്നില്ല.
ഫലമോ സിറ്റിങ് എംഎല്‍എയായ സാജു പോളിനെ 7088 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എല്‍ദോസ് കുന്നപ്പള്ളി അട്ടിമറി വിജയം നേടി.
സാജു പോളിനെതിരെ പ്രചരിച്ച നുണ പ്രചാരണങ്ങളാണ് അദ്ദേഹത്തിന് തിരിച്ചടിയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇപ്പോള്‍ സാജു പോളിന്റെ പാര്‍ട്ടി തന്നെ പ്രത്യേക താല്‍പര്യമെടുത്ത് പുതിയ അന്വേഷണ സംഘത്തെ നിയമിച്ച് പ്രതിയെ പിടികൂടിയത് സാജു പോളിനെ സംബന്ധിച്ചും പെരുമ്പാവൂരിലെ സിപിഎം പ്രവര്‍ത്തകരെ സംബന്ധിച്ചും മധുരമായ ഒരു ‘പ്രതികാരം’ കൂടിയാണ്. കാരണം ജിഷ കൊലക്കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പൊലീസിന് സാധിക്കാത്തതാണല്ലോ പിണറായിയുടെ പൊലീസിന് സാധിച്ചത്.
ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ തന്നെ ആയുധമാക്കിയാണ് എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ കുരുക്കിയതെന്നതും ശ്രദ്ധേയമാണ്.