എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി ;സ്വപ്‌നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി തയ്യാറാക്കിയ കേസില്‍ യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പ്രാവശ്യം ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിചേര്‍ക്കാന്‍ തീരുമാനമായത്.

ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരിയായിരുന്നപ്പോഴാണ് ഇവര്‍ വ്യാജപരാതി നല്‍കിയതും ആള്‍മാറാട്ടവും നടത്തിയതും എന്നാണ് വിവരം. അതേസമയം, സ്വപ്നയ്ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിയുമായും ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയിലെ കരാറേറ്റെടുത്ത ലണ്ടന്‍ കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍.

ഈ കമ്പനിയുടെ റഫറന്‍സ് വഴിയാണ് സ്വപ്നയുടെ നിയമനം നടന്നതെന്നും അഭ്യൂഹമുണ്ട്. സ്വപ്നയ്ക്ക് കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം മെയ് മാസത്തില്‍ സൂചന നല്‍കിയിരുന്നതായാണ് വിവരം. സ്വര്‍ണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

സ്വര്‍ണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ് അറിയിച്ചു. കെ എസ് ഐ ടി എല്‍ നു കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആയിരുന്നു സ്വപ്ന. താല്‍ക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐ ടി വകുപ്പ് അറിയിച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്.

Top