തിരുവനന്തപുരം: വ്യാജ കോഴ്‌സുകള്‍ സംസ്ഥാനത്ത് പെരുകുന്നു. ഏറ്റവും ഒടുവില്‍ പരാതി ഉയര്‍ന്നിരിക്കുന്നത് കോട്ടക്കല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍മാസ് കോളേജ് ഓഫ് വൊക്കേഷണല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തിന് എതിരെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് പരാതികള്‍ പ്രവഹിച്ചിരിക്കുന്നത്.
ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ മൂന്ന് വര്‍ഷം ദൈര്‍ഘ്യം ഉള്ള കോഴ്‌സുകള്‍ നടത്തിയ ശേഷം കര്‍ണാടക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂണിവേര്‍സിറ്റിയുടെ B-voc ഡിഗ്രി സര്‍ട്ടിഫിക്കേഷന്‍ നല്‍കും എന്നാണ് പ്രസ്തുത സ്ഥാപനം പരസ്യങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പരസ്യത്തില്‍ പറഞ്ഞിട്ടുള്ള യൂണിവേര്‍സിറ്റിയ്ക്ക് B-voc കോഴ്‌സുകള്‍ കര്‍ണാടകയില്‍ മാത്രമെ നടത്താന്‍ അനുമതിയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.
ഇത് മറച്ച് വെച്ചാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും മൂന്ന് ലക്ഷം ഫീസ് വാങ്ങി കോഴ്‌സ് തട്ടിപ്പ് ബന്ധപ്പെട്ടവര്‍ നടത്തിവരുന്നത്. ഇക്കാര്യം പരാതിക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. ജെയിന്‍ യൂണിവേര്‍സിറ്റിക്ക് കേരളത്തില്‍ Bvoc കോഴ്‌സ് നടത്തി ഡിഗ്രി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കിയിട്ടുള്ള ഏതെങ്കിലും രേഖകളോ, അല്ലെങ്കില്‍ അല്‍മാസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത്തരത്തില്‍ അന്യ സംസ്ഥാനത്തെ യൂണിവേര്‍സിറ്റിയുടെ B voc കോഴ്‌സ് നടത്തി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന് ലഭിച്ചിട്ടുള്ള രേഖകളോ ഇല്ലന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇക്കാര്യം ചോദിച്ചിട്ട് നാളിതുവരെയായി മറുപടി ലഭിച്ചിട്ടില്ല എന്നാണ് ആക്ഷേപം.
വിദ്യാര്‍ത്ഥികളുടെ ഭാവിയെ തകര്‍ക്കുന്ന ഇത്തരം അംഗീകാരമില്ലാത്ത കേഴ്‌സുകളെ അറിച്ചുള്ള അവബോധം, രക്ഷിതാക്കള്‍ക്ക് ഇല്ലാത്തതാണ് ചൂഷണത്തിന് ഇടയാക്കിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. മാതാപിതാക്കളെ ഇത്തരം പ്രമുഖ സ്ഥാപനങ്ങള്‍ ചൂഷണം ചെയ്യുന്നത് തടയുന്നതിന് കൂടിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത് എന്നാണ്, പരാതിക്കാരില്‍ ഒരാളായ ഏകതാ പരിഷത്ത് ജില്ല സെക്രട്ടറി കൂറ്റനാട് സ്വദേശി ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങി വിദ്യാര്‍ത്ഥികളെ തെറ്റ് ധരിപ്പിച്ച് അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ എടുപ്പിക്കുന്നത് തികച്ചും നിയമവിരുദ്ധം ആയതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.