വ്യാജ കോവിഡ് വാക്‌സിനുകള്‍ വിപണിയിലെത്തിയേക്കാം; ഇന്റര്‍പോള്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വിപണിയില്‍ വ്യാജ കോവിഡ് വാക്‌സിനുകള്‍ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍. ഇന്റര്‍നെറ്റിലൂടെയും അല്ലാതെയും വ്യാജ വാക്‌സിനുകളുടെ പരസ്യം നല്‍കാനും വില്‍ക്കാനും സാധ്യതയുണ്ടെന്ന് ഇന്റര്‍പോള്‍ പറയുന്നു. ആഗോള തലത്തിലുള്ള ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

വ്യാജ വാക്‌സിനുകളുമായി ബന്ധപ്പെട്ട് 194 രാജ്യങ്ങള്‍ക്ക് ഓറഞ്ച് നോട്ടീസാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിനുകളുടെ അനധികൃത പരസ്യങ്ങള്‍, കൃത്രിമം കാണിക്കല്‍, മോഷണം തുടങ്ങിയവ തടയാന്‍ തയാറെടുക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ഒരു സംഭവം, ഒരു വ്യക്തി, ഒരു വസ്തു അല്ലെങ്കില്‍ പൊതു സുരക്ഷയ്ക്ക് ഗുരുതരവും ആസന്നവുമായ ഭീഷണിയെ പ്രതിനിധീകരിക്കുന്ന ഒരു പ്രക്രിയയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇന്റര്‍പോള്‍ ഓറഞ്ച് അറിയിപ്പ് നല്‍കുന്നത്.

വാക്‌സിന്‍ വിതരണശൃംഖലയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വ്യാജ വസ്തുക്കള്‍ വില്‍പന നടത്തുന്ന വെബ്‌സൈറ്റുകള്‍ തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും പൊലീസ് ഓഗനൈസേഷനുകള്‍ക്ക് ഇന്റര്‍പോള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇത്തരം വാക്‌സിനുകള്‍ ജനങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കിയേക്കാമെന്നും പറയുന്നു.

Top