ന്യൂഡല്‍ഹി: കള്ളപ്പണ വേട്ട നടത്തുന്ന കേന്ദ്ര ഏജന്‍സികളെ നിരീക്ഷിച്ച് ഐ ബി. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഇന്‍കംടാക്‌സ്, സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ്, റവന്യൂ ഇന്റലിജന്‍സ്, സെന്‍ട്രല്‍ കസ്റ്റംസ് വിഭാഗങ്ങള്‍ നടത്തിയ റെയ്ഡുകളുടെ വിശദാംശങ്ങളാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്.
പിടികൂടപ്പെട്ട കള്ളപ്പണം, സ്വര്‍ണ്ണം തുടങ്ങിയവയുടെ യഥാര്‍ത്ഥ കണക്കുകള്‍ തന്നെയാണോ രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇങ്ങിനെ പിടികൂടപ്പെട്ട പണത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും ‘ഉറവിടം’ കാണിച്ച് തലയൂരാന്‍ ഏതെങ്കിലും ഉദ്ദ്യോഗസ്ഥന്‍ സഹായം ചെയ്താല്‍ കര്‍ക്കശ നടപടിയുണ്ടാകും.
നിലവില്‍ ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റെ് ,റവന്യൂ ഇന്റലിജന്‍സ് ,സെന്‍ട്രല്‍ കസ്റ്റംസ് ഉദ്ദ്യോഗസ്ഥരുടെ അവിഹിത സമ്പാദ്യങ്ങളെ കുറിച്ച് പരിശോധന നടത്തുന്നത് സിബിഐയാണ്.
ഈ ഉദ്ദ്യോഗസ്ഥരുമായി സിബിഐ ഉദ്ദ്യോഗസ്ഥര്‍ ആരെങ്കിലും ഒത്തുകളിക്കുന്നുണ്ടോ എന്നതും ഐബി പരിശോധിക്കുന്നുണ്ട്.
കള്ളപ്പണവേട്ട കഴിഞ്ഞാല്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരുടെ സ്വത്ത് സംബന്ധിച്ച അന്വേഷണം ഐബി ഉര്‍ജ്ജിതമാക്കുമെന്നാണ് അറിയുന്നത്.
വിവരം നേരിട്ട് ഐബി ഡയറക്ട്രേറ്റ് പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കൈമാറും.
ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണവേട്ടയാണ് കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ സംയുക്തമായി നടത്തുന്നത് എന്നതിനാല്‍ സമ്മര്‍ദ്ദവും, അവിഹിതമായ സ്വാധീനവും ഉദ്ദ്യോഗസ്ഥര്‍ക്ക് മേല്‍ ശക്തമാകുന്നതായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐബിയെ ഉപയോഗിച്ചുള്ള ഈ മോണിറ്ററിങ്ങ്.