വ്യാജ ബിരുദം; പ്രവാസികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കുവൈത്ത് സർക്കാർ

കുവൈത്ത് സിറ്റി: വ്യാജ സര്‍വകലാശാല ബിരുദം കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ മേഖലയിലെ സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ തീരുമാനം. ഇത്തവണ ഏറ്റവും ബാധിക്കപ്പെടുന്നത് സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന പ്രവാസികളെയാണ്. എത്ര വർഷത്തെ സർവീസ് ഉണ്ടെങ്കിലും എല്ലാ പ്രവാസി പൊതുമേഖലാ ജീവനക്കാരും പരിശോധനയിൽ ഉൾപ്പെടും.

60 വയസ് തികഞ്ഞവരും സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരും അടുത്തിടെ യൂണിവേഴ്സിറ്റി ബിരുദം പൂർത്തിയാക്കിയവരും ഉള്‍പ്പെടെ പരിശോധനയുടെ പരിധിയിൽ വരും. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് പുറമെ, ചില ബിരുദക്കാര്‍ക്ക്, പ്രത്യേകിച്ച് എഞ്ചിനീയര്‍മാര്‍ക്ക് പ്രാക്ടിക്കല്‍, തിയറി പരീക്ഷകളും നടത്തുമെന്നാണ് വിവരം. കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിയുമായി സഹകരിച്ചായിരിക്കും ഇത് നടത്തുക.

അടുത്തിടെ കുവൈത്തില്‍ നടത്തിയ പരിശോധനയില്‍  142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തിയിരുന്നു. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് സ്വദേശികളായ ഇവര്‍ വ്യാജ ബിരുദങ്ങള്‍ നേടിയെന്നാണ് കണ്ടെത്തല്‍.

ഈജിപ്തിലെ കുവൈത്ത് സാംസ്‌കാരിക ഓഫീസിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് ഇവര്‍ വ്യാജ ബിരുദങ്ങള്‍ കരസ്ഥമാക്കിയതെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ അസംബ്ലിയിലെ അന്വേഷണ കമ്മറ്റിയാണ് വ്യാജ ബിരുദങ്ങള്‍ കണ്ടെത്തിയത്. 500 ദിനാര്‍ മുടക്കിയാണ് ഓരോ വ്യാജ ബിരുദവും നേടിയതെന്നും വ്യക്തമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ ഇവരെ സഹായിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ തടവിലാണ്. പ്രതിക്ക് 50-60 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിക്കുമെന്നാണ് വിവരം.

Top