തിരുവനന്തപുരം: സംസ്ഥാനത്ത് കടലാസ് സര്‍വകലാശാലകള്‍ നല്‍കുന്ന വ്യാജ ഡോക്ടറേറ്റ്, ഡി.ലിറ്റ് ബിരുദങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി.
ഇരുപത്തയ്യായിരം രൂപ നല്‍കിയാല്‍ ഡോക്ടറേറ്റ് നല്‍കുന്ന ഓണ്‍ലൈന്‍ ഏജന്‍സികള്‍ വരെയാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ മുതല്‍ മനോരോഗ ചികിത്സയും കൗണ്‍സിലിങ്ങും മോട്ടിവേഷണല്‍ തെറാപ്പിയും നടത്തുന്നവര്‍ വരെ വ്യാജ ഡോക്ടറേറ്റുകള്‍ സമ്പാദിക്കുന്നതായാണ് ആരോപണം ഉയരുന്നത്.
പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമൂഹത്തില്‍ വ്യാജ ബിരുദക്കാര്‍ നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കണം. ഇത്തരത്തില്‍ വ്യാജ ഡോക്ടറല്‍, ഡി -ലിറ്റ് ബിരുദം നല്‍കുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി കെ എം സച്ചിന്‍ദേവും പ്രസിഡന്റ് വി എ വിനീഷും ആവശ്യപ്പെട്ടു.
കിങ്‌സ് യൂണിവേഴ്സിറ്റി, ജര്‍മനിയിലെ ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സല്‍ തമിള്‍ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ വെര്‍ച്വല്‍ യൂണിവേഴ്സിറ്റി, ഇന്റര്‍നാഷണല്‍ പീസ് യൂണിവേഴ്സിറ്റി, ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി തുടങ്ങിയവയാണ് പ്രധാനമായും വ്യാജബിരുദങ്ങള്‍ വില്പനനടത്തുന്നത്. ഇവയെല്ലാം അംഗീകാരമില്ലാത്തവയാണ്. ഉത്തരകൊറിയ ആസ്ഥാനമെന്ന് അവകാശപ്പെടുന്ന യൂണിവേഴ്സിറ്റി ഓഫ് ഏഷ്യയ്ക്കാണ് കൂടുതല്‍ പ്രചാരം.
യഥാര്‍ഥ ഗവേഷണം നടത്തുന്നവരെയും പൊതുജനങ്ങളെയും കബളിപ്പിക്കുന്ന മാഫിയക്കെതിരേ കര്‍ശനമായ നടപടി സ്വാകരിക്കണമെന്നാവശ്യപ്പെട്ട് ഗവേഷണ കൂട്ടായ്മ പ്രവര്‍ത്തകരായ ഡോ. പി. സുരേഷ്, ഡോ. എം.എ. അജ്മല്‍, ഡോ. പി.കെ. ഷാജി, ഡോ. സി.എം. ഷണ്‍മുഖദാസ് എന്നിവര്‍ യു.ജി.സി. ചെയര്‍മാന്‍, എം.എച്ച്.ആര്‍.ഡി., വിദ്യാഭ്യാസമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.