ശ്രീനഗർ : കശ്മീരിലെ ഷോപിയാനിൽ മൂന്ന് യുവാക്കൾ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിൽ ഒരു സൈനിക ഓഫിസർ അടക്കം 3 പേർക്കെതിരെ കുറ്റപത്രം നൽകി.രജൗറി ജില്ലയിൽ നിന്ന് തൊഴിൽ അന്വേഷിച്ച് എത്തിയ 3 ചെറുപ്പക്കാരാണ് ഷോപിയാനിലെ അംഷിപ്പുരയിൽ കൊല്ലപ്പെട്ടത്. ഇവർ പാക്ക് ഭീകരർ ആണെന്നും ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്നുമാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്.
ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായും പറഞ്ഞിരുന്നു. സംഭവം നടന്ന് 3 ആഴ്ചകൾക്കു ശേഷമാണ് രജൗറിയിൽ നിന്നുള്ള ഇംതിയാസ് ഹുസൈൻ, അബ്രാർ അഹമ്മദ്, മുഹമ്മദ് അബ്രാർ എന്നീ ചെറുപ്പക്കാരെ കാണാനില്ലെന്നു പൊലീസിൽ പരാതി കിട്ടിയത്.ഷോപിയാനിലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ക്യാപ്റ്റൻ ഭൂപീന്ദർ, ബിലാൽ അഹമ്മദ്, തബിഷ് അഹമ്മദ് എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ സൈനിക വിചാരണയും ഉണ്ടാവും.