വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കേസ്; കെ വിദ്യക്കെതിരെ പൊലീസിൻ്റെ കുറ്റപത്രം

കാസര്‍കോട്: കരിന്തളം കോളജിലെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ പൊലീസിന്റെ കുറ്റപത്രം. കേസില്‍ കെ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മിക്കാന്‍ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ല. അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിര്‍മിച്ച് സമര്‍പ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2018 ജൂണ്‍ നാല് മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസ് കോളേജില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായിരുന്നു എന്ന് തെളിയിക്കുന്ന രണ്ട് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ ഹാജരാക്കിയത്. സര്‍ട്ടിഫിക്കറ്റിലെ സീലിലും ലോഗോയിലും സംശയം തോന്നിയ ഇന്റര്‍വ്യൂ പാനല്‍ കോളേജുമായി ബന്ധപ്പെട്ടതോടെ കഴിഞ്ഞ 10 വര്‍ഷമായി മഹാരാജാസ് കോളേജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തമായി. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലാണ് വിദ്യയ്‌ക്കെതിരെ ആദ്യമായി പരാതി നല്‍കുന്നത്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസെടുത്ത കേസ് പിന്നീട് അഗളി പൊലീസിന് കൈമാറുകയായിരുന്നു.കേസില്‍ കെ വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നല്‍കിയിരുന്ന മൊഴി. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലെടുത്ത കേസില്‍ അഗളി പൊലീസും വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ വിദ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിലേശ്വരം പൊലീസ് നോട്ടീസ് നല്‍കുകയായിരുന്നു.

വ്യാജ രേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ കെ വിദ്യ സര്‍ക്കാര്‍ ശമ്പളം കൈപറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാജരേഖ നിര്‍മിക്കല്‍, വ്യാജരേഖ സമര്‍പ്പിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Top