ആലുവ : സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും ദിനംപ്രതിയാണ് വർധിച്ചു വരുന്നത്. ഇതിനിടയിലാണ് ആലുവ നാർക്കോട്ടിക് കൺട്രോൾ ഡിവൈഎസ്പിയുടെ പേരിൽ സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം നടന്നിരിക്കുന്നത്. ഡിവൈഎസ്പി മധു ബാബു രാഘവിന്റെ പേരിലാണ് തട്ടിപ്പുകാർ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
എറണാകുളം റൂറലിലെ നാർക്കോട്ടിക് ഡിവൈഎസ്പി മധു ബാബു രാഘവ് പത്തനംതിട്ട സ്വദേശിയാണ്. പുതിയ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് സൗഹൃദം സ്ഥാപിക്കാൻ അറിയിപ്പ് വന്ന കാര്യം സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടെന്ന കാര്യം മധു ബാബു അറിഞ്ഞത്. ഈ വ്യാജ അക്കൗണ്ടിൽ നിന്നും നിലവിലുള്ള അക്കൗണ്ടിലെ പ്രൊഫഷണലുകൾക്കും സമ്പന്നർക്കുമാണ് ഫ്രണ്ട് റിക്വസ്റ്റ് പോയത്. ഡിവൈഎസ്പിയുടെ ഔദ്യോഗിക വേഷം ധരിച്ച ചിത്രങ്ങളാണ് വ്യാജ അക്കൗണ്ടിൽ ചേർത്തിട്ടുള്ളത്.
വ്യാജ പ്രൊഫൈൽ ആണെന്ന് മനസിലാകാതെ നൂറോളം പേരാണ് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. ശേഷം ഇവരിൽ നിന്നും തട്ടിപ്പുകാർ പണം ആവശ്യപ്പെടാൻ തുടങ്ങി. എന്നാൽ വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കകം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ആരുടേയും പണം നഷ്ടമായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.