തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് 12 ന് മൊഴി എടുക്കും. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്കട്രി വി കെ സനോജിന്റെ മൊഴി മ്യൂസിയം പോലീസ് രേഖപ്പെടുത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി തയ്യാറാക്കി എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തു കൊണ്ടുവന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി എടുക്കും. മദര്‍ ഐഡി കാര്‍ഡ് ഉടമ ടോമിന്‍ മാത്യുവിനെ ചോദ്യം ചെയ്യും. ആപ്പില്‍ ഉപയോഗിച്ച മദര്‍ ഐഡി കാര്‍ഡ് റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്.കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. കണ്ണൂരില്‍ തിരഞ്ഞെടുപ്പില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയുമായി കെ സുധാകരന്‍ പക്ഷം രംഗത്തെത്തിയിരുന്നു. ജില്ലയില്‍ 2000ത്തിലേറെ ഒറിജിനല്‍ വോട്ടുകള്‍ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. ചേര്‍ത്ത വോട്ടുകള്‍ പോലും കണക്കില്‍ ഇല്ലെന്നും പകുതി വോട്ടുകള്‍ കാണാനില്ലെന്നും ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫര്‍സിന്‍ മജീദ് പ്രതികരിച്ചിരുന്നു.
കേസില്‍ സൈബര്‍ഡോമും അന്വേഷണം തുടങ്ങി. വ്യാജ കാര്‍ഡ് ഉണ്ടാക്കിയിരിക്കാന്‍ സാധ്യതയുള്ള മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ആപ്പിന്റെ നിര്‍മാതാക്കളെ കണ്ടെത്താനാണ് ആദ്യ ശ്രമം. ആപ്പ് ഉണ്ടാക്കിയത് സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണോയെന്ന് പരിശോധിക്കും. ശേഷം വോട്ട് ചെയ്ത് മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ആണ് തീരുമാനം. വിവാദ ആപ്പിന്റെ സേവനം യൂത്ത് കോണ്‍ഗ്രസ് സ്വീകരിച്ചോ എന്നതും പരിശോധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം തുടരുകയാണ്. അഞ്ചുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.