വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴി പരിശോധിച്ച് അന്വേഷണ സംഘം

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴി പരിശോധിച്ച് അന്വേഷണ സംഘം. രാഹുലിന്റെ മൊഴിയും പ്രതികളുടെ മൊഴിയും താരതമ്യം ചെയ്താണ് പരിശോധന. കേസിലെ പ്രധാന പ്രതി എം ജെ രഞ്ചു പിടിയിലായാല്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ രഞ്ചു ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. സി ആര്‍ കാര്‍ഡ് പ്രചരിപ്പിച്ച കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജെയ്‌സണ്‍ മുകളേലിനേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജയ്‌സണ്‍ കര്‍ണാടകയിലേക്ക് കടന്നു എന്നാണ് പോലീസിന്റെ സംശയം.

അതേസമയം സംസ്ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും സമാന സ്വഭാവമുള്ള പരാതികളാണ് ലഭിക്കുന്നത്. ഒരേ ഇടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണ് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Top