തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിയ കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സിആര്‍ കാര്‍ഡ് ആപ്പുവഴി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തില്‍ തൃക്കരിപ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജയ്‌സണ്‍ മുകളേലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ആപ്പില്‍ നിന്നും ലഭിച്ച മദര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉടമയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
ആപ്പിന്റെ സഹായത്തോടെ ജയ്‌സന്റെ നേതൃത്വത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാസര്‍കോട് ജില്ലയില്‍ വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് അന്വേഷണം സജീവമാക്കാനാണ് തീരുമാനം.
അതേസമയം പത്തനംതിട്ടയില്‍ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ച സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് എം ജെ രഞ്ജുവെന്ന് പൊലീസ് പറഞ്ഞു.